മണികുമാറിന് വിരുന്ന്,
ബാലിക്ക് ശവമഞ്ചം

Share

കൊച്ചി: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് വിരുന്ന് നല്‍കുക വഴി കേരളത്തിന്‌റെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒരു കീഴ് വഴക്കത്തിനാണ് പിണറായി വിജയന്‍ തുടക്കംകുറിച്ചിരിക്കുന്നത്. നാലഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിമാരും രവി പിള്ളയുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് പിരിയുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിരുന്നു നല്‍കിയത്. പിണറായിയുടെ ഇഫ്താര്‍ വിരുന്നില്‍ അദ്ദേഹത്തിന്‌റെ തന്നെ കേസ് പരിഗണിക്കുന്ന ലോകായുക്തയെ ക്ഷണിച്ചു വരുത്തി വിരുന്നു കൊടുത്തതിന്‌റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് അടുത്ത വിരുന്ന്. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നീതി ന്യായ വ്യവസ്ഥയെ ബി. ജെ. പി സര്‍ക്കാരുകള്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന കേരള മുഖ്യന്‍ തന്നെയാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. തങ്ങള്‍ക്ക് ഹിതമായതു ചെയ്യുന്ന ന്യായാധിപന്‍മാരെ തലോടാനും അല്ലാത്തവരെ സംഘിയാക്കി ചിത്രീകരിക്കാനുമുള്ള വിരുത് ഇടതു പക്ഷം എന്നും കാണിച്ചിട്ടുണ്ട്. പിണറായി പ്രതിയായ ലാവ് ലിന്‍ കേസ് സി.ബി. ഐയ്ക്ക് വിട്ട മുന്‍ ചീഫ് ജസ്റ്റിസ് വി.കെ.ബാലി റിട്ടയര്‍ ചെയ്തപ്പോള്‍ കോലം കത്തിക്കുകയും അദ്‌ദേഹത്തിന്‌റെ ശവമഞ്ചമുണ്ടാക്കി കായലിലൊഴുക്കുകയും ചെയ്ത സി.പി.എംകാര്‍ തന്നെ ഇങ്ങനെ ചെയ്യുകയും പറയുകയും വേണം. പ്രതിപക്ഷ നേതാവു പറഞ്ഞതു പോലെ കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്.