സംഘികള്‍ക്ക് കപ്പം കൊടുക്കേണ്ടി വന്നാല്‍ തൂങ്ങിച്ചാവും

Share

കൊച്ചി: അതീഖ് അഹമ്മദിനെ സാധുവായി ചിത്രീകരിച്ചും ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ചും മുന്‍ മന്ത്രിയും സി.പി. എം നേതാവുമായി കെ. ടി. ജലീലിന്‌റെ ഫേസ് ബുക്ക് പോസ്റ്റ് . പ്രസക്ത ഭാഗങ്ങള്‍ ഇതാണ്:
കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് സംഘി സംഘടനകള്‍ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങള്‍ സംഭാവന ചോദിക്കുക. കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തുക. വഴങ്ങിയില്ലെങ്കില്‍ വിവിധ അന്വേഷണ സംഘങ്ങളെ വരുത്തി റെയ്ഡ് ചെയ്യിക്കുക. തുടര്‍ന്ന് കേസ് ഒതുക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരായി എത്തുക. ലക്ഷങ്ങളും കോടികളും തന്നാല്‍ രക്ഷപ്പെടുത്തിത്തരാം എന്ന് ഓഫര്‍ വെക്കുക. തികച്ചും സംസ്‌കാര ശൂന്യമായ നെറികെട്ട പ്രവര്‍ത്തനമാണ് നാട്ടിന്‍പുറങ്ങളില്‍ പോലും വിവിധ പേരുകളില്‍ അറിയപ്പെടുന്ന സംഘി പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അനുഭവങ്ങള്‍ പുറത്ത് പറയാന്‍ പലരും ഭയപ്പെടുന്നത് കൊണ്ട് മിണ്ടാതിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മറ്റുള്ളവര്‍ക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവന്റെ കഴിവനുസരിച്ച് ബി.ജെ.പിക്കും കൊടുക്കാവൂ. ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്ത് പോകരുത്. ഓരോരുത്തരും സാമ്പത്തിക ഇടപാടുകള്‍ക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളില്‍ നിന്ന് മോചനം നേടുക. സംഘികള്‍ക്ക് കപ്പം കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്.
‘ഗുണ്ടാ തലവന്‍’എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സര്‍ക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
അതിന് കഴിയില്ലെന്ന ബോദ്ധ്യമാണോ യു.പി മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘പ്രകൃതി നിയമം’നടപ്പിലാക്കിയതിന് പിന്നിലെ രഹസ്യം?
കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്രഫ് അഹമ്മദിനെയും തെരുവില്‍ പോലീസ് അകമ്പടിയില്‍ കൈകള്‍ ചങ്ങലയില്‍ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാന്‍ പ്രചോദനമെങ്കില്‍ അതിനെക്കാള്‍ ഗുരുതര കേസുകള്‍ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതു തരം നീതിയാണ് നടപ്പിലാക്കേണ്ടത്?
മഹാത്മാഗാന്ധിയെ ഇക്കൂട്ടര്‍ വെടിവെച്ച് കൊന്നത് ഏത് കൊലപാതക കേസില്‍ പ്രതിയായിട്ടാണ്? ഗോവിന്ദ് പന്‍സാരയേയും കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനെയും ഇവര്‍ വെടിവെച്ച് കൊലപ്പെടുത്തിയത് ഏത് കള്ളപ്പണ ഇടപാടിന്റെ പേരിലായിരുന്നു? പ്രത്യയശാസ്ത്ര എതിരാളികളെയും രാഷ്ട്രീയ എതിരാളികളെയും കൊന്ന് കൊലവിളിക്കാന്‍ സംഘ്പരിവാറുകാര്‍ക്ക് കൊലക്കേസിലൊന്നും പ്രതിയായിക്കൊള്ളണമെന്നില്ല.
അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂര്‍ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേര്‍ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ട് കെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്റെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്?