ന്യൂഡല്‍ഹി : ‘കാലാവസ്ഥാ വ്യതിയാനത്തെ സമ്മേളനങ്ങളിലൂടെ മാത്രം നേരിടാന്‍ കഴിയില്ല. എല്ലാ വീടുകളിലെയും തീന്‍മേശകളില്‍നിന്നു പോരാട്ടം തുടങ്ങേണ്ടതുണ്ട്. ഒരാശയം ചര്ച്ചാവേദികളില്നിന്നു തീന്മേശകളിലേക്കു നീങ്ങുമ്പോള്‍ അതു ബഹുജനപ്രസ്ഥാനമായി മാറും’. -നരേന്ദ്ര മോദി പറഞ്ഞു. ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികള്‍ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘ഭൂമിക്കുവേണ്ടിയുള്ള ഓരോ നല്ല പ്രവൃത്തിയും നിസാരമായി തോന്നിയേക്കാം. എന്നാല്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേര്‍ ഇത് ഒരുമിച്ചു ചെയ്യുമ്പോള്‍, അതിന്റെ സ്വാധീനം വളരെ വലുതാണ്. ഇതാണു ലൈഫ് ദൗത്യത്തിന്റെ കാതല്‍’.
മെച്ചപ്പെട്ട ലിംഗാനുപാതം, വിപുലമായ ശുചിത്വയജ്ഞം, എല്‍ഇഡി ബള്‍ബുകള്‍ സ്വീകരിക്കല്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു പ്രതിവര്‍ഷം 39 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഏകദേശം ഏഴുലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ തുള്ളിനന സംവിധാനം ഒരുക്കിയതിലൂടെ ജലം ലാഭിക്കാന്‍ സാധിക്കുന്നു.
തദ്ദേശസ്ഥാപനങ്ങളെ പരിസ്ഥിതിസൗഹൃദമാക്കല്‍, ജലസംരക്ഷണം, ഊര്‍ജം ലാഭിക്കല്‍, മാലിന്യവും ഇമാലിന്യവും കുറയ്ക്കല്‍, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കല്‍, പ്രകൃതിദത്തകൃഷി സ്വീകരിക്കല്‍, ചെറുധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ ലൈഫ് ദൗത്യത്തിനു കീഴില്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ടെന്നു മോദി അറിയിച്ചു.
ഈ ശ്രമങ്ങള്‍ 2200 കോടി യൂണിറ്റ് ഊര്‍ജവും ഒമ്പതു ലക്ഷംകോടി ലിറ്റര്‍ വെള്ളവും ലാഭിക്കും. 375 ദശലക്ഷം ടണ്‍ മാലിന്യം കുറയ്ക്കും. ഏകദേശം ഒരു ദശലക്ഷം ടണ്‍ ഇമാലിന്യം പുനരുപയോഗം ചെയ്യും. അതിലൂടെ 2030ഓടെ ഏകദേശം 170 ദശലക്ഷം ഡോളറിന്റെ അധിക ചെലവു ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കൂടാതെ, 1500 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കാന്‍ ഇതു ഞങ്ങളെ സഹായിക്കും. ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് 2020ലെ ആഗോള പ്രാഥമിക വിള ഉല്‍പ്പാദനം ഏകദേശം 900 കോടി ടണ്‍ ആയിരുന്നു എന്നറിയുമ്പോഴാണ് ഇത് എത്ര വലുതാണെന്ന് മനസിലാവുക.