ആഗോളമാന്ദ്യത്തിലും കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വളര്‍ച്ച

Share

മുംബയ്: ചരക്ക് സേവന കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.84 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര വാണിജ്യമന്ത്രാലയം. 77,018 കോടി ഡോളറിന്റെ (ഏകദേശം 63 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ 67,658 കോടി ഡോളറിനെക്കാള്‍ (55.34 ലക്ഷം കോടി രൂപ) 13.84 ശതമാനമാണ് വളര്‍ച്ച. സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന 75,000 കോടി ഡോളറിനെക്കാള്‍ 2000 കോടി ഡോളറിന്റെ അധിക കയറ്റുമതി നടത്താന്‍ കഴിഞ്ഞ തായും കേന്ദ്ര വാണിജ്യസെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ പറഞ്ഞു.

ആഗോളതലത്തില്‍ മാന്ദ്യഭീഷണിയില്‍ നില്‍ക്കുമ്പോഴും കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യക്ക് കയറ്റുമതിയില്‍ 9400 കോടി ഡോളറിന്റെ അധികനേട്ടമുണ്ടാക്കാനായതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
വ്യാപാരക്കമ്മി മുന്‍വര്‍ഷത്തെ 8358 കോടി ഡോളറില്‍നിന്ന് (6.83 ലക്ഷം കോടി രൂപ) 12,200 കോടി ഡോളറിലേക്കെത്തി (9.98 ലക്ഷം കോടി രൂപ) .
രാജ്യത്തെ വാണിജ്യ കയറ്റുമതി 2021-22 സാമ്പത്തികവര്‍ഷത്തെ 42,200 കോടി ഡോളറില്‍ നിന്ന് (34.51 ലക്ഷം കോടി രൂപ) 44,746 കോടി ഡോളറായി (36.56 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ആറു ശതമാനമാണ് വളര്‍ച്ച. പെട്രോളിയം, ഫാര്‍മ, രാസവസ്തുക്കള്‍, സമുദ്രോത്പ ന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലെ വര്‍ധനയാണ് ഇത്തവണ നേട്ടമായത്.