ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി ജോലി ലഭിച്ച 71,000 പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് റോസ്ഗാര്‍ മേള. 10 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
രാജ്യത്തുടനീളം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് വിവിധ തസ്തികകളിലേക്ക് ചേരുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്റ്റേഷന്‍ മാസ്റ്റര്‍, ട്രെയിന്‍ മാനേജര്‍, സീനിയര്‍ കമേഴ്‌സ്യല്‍ കംടിക്കറ്റ് ക്ലര്‍ക്ക്, കോണ്‍സ്റ്റബിള്‍, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, സ്‌റ്റെനോഗ്രാഫര്‍, തപാല്‍ അസിസ്റ്റന്റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍, അധ്യാപകന്‍, നഴ്‌സ്, പ്രൊബേഷണറി ഓഫീസര്‍, ലൈബ്രേറിയന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് (പിഎ), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുതായി നിയമിതരായവര്‍ക്കുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമായ ‘കര്‍മയോഗി പ്രാരംഭ്’ വഴി സ്വയം പരിശീലനം നേടാനുള്ള അവസരവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.
രാജ്യത്തെ 10 ലക്ഷം പേര്‍ക്ക് തൊഴിലെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ യുവാക്കള്‍ക്ക് ദേശീയ വികസനത്തില്‍ പങ്കാളികളാകുന്നതിന് അത് അവസരം നല്‍കുമെന്നും പ്രസതാവനയില്‍ പറയുന്നു.
റോസ്ഗര്‍ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലുമായി 196 പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ജനുവരി 20ന് കേന്ദ്ര മന്ത്രിമാര്‍ കൈമാറിയിരുന്നു.