ന്യൂഡല്‍ഹി : 12ാം ക്ലാസ് പൊതുപരീക്ഷ രണ്ടുഘട്ടമായി നടത്തണമെന്നും 10,12 ക്ലാസുകളുടെ അന്തിമഫലത്തില്‍ 9,11 ക്ലാസുകളിലെ മാര്‍ക്കുകൂടി പരിഗണിക്കണമെന്നും സ്കൂള്‍ പഠനവുമായി ബന്ധപ്പെട്ട ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എന്‍.സി.എഫ്) പുതിയ കരടില്‍ ശുപാര്‍ശ.
സയന്‍സ്, ആര്‍ട്സ് വേര്‍തിരിവുകളില്ലാതെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം 9 മുതല്‍ 12 വരെ നല്‍കണമെന്നും ഐ.എസ.്ആര്‍.ഒ മുന്‍ ചെയര്മാന് കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
11,12 ക്ലാസുകളില്‍ സെമസ്റ്റര്‍ രീതിയില്‍ മോഡുലാര്‍ ബോര്‍ഡ് പരീക്ഷ നടത്തണമെന്നാണ് ശുപാര്‍ശ. അതേസമയം 9,10 ക്ലാസുകളില്‍ വാര്‍ഷിക രീതിയില്‍ തന്നെ പരീക്ഷ നടത്തിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹ്യുമാനിറ്റീസ് (ഭാഷ ഉള്‍പ്പെടെ), കണക്കും കംപ്യൂട്ടിങ്ങും, വൊക്കേഷനല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്സ്, സോഷ്യല്‍ സയന്‍സസ്, സയന്‍സ്, ഇന്റര്‍ ഡിസിപ്ലിനറി എന്നിങ്ങനെ 8 മേഖലകളിലായി വിവിധ വിഷയങ്ങള്‍ ക്രമീകരിക്കണമെന്നും ഓരോ മേഖലയില്‍ നിന്നും 2 കോഴ്സ് വീതം ആകെ 16 കോ സ് 9,10 ക്ലാസുകളിലായി പൂര്‍ത്തിയാക്കണമെന്നുമാണ് പുതിയ നിര്‍ദേശം, 11,12 ക്ലാസുകളില്‍ 16 ചോയിസ് ബേസ്ഡ് കോഴ്സുകള്‍ തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം ഉറപ്പാക്കാന്‍ ഇവ 3 മേഖലകളില്‍ നിന്നാകണം .
ഇതില്‍ നിന്ന് 4 വിഷയങ്ങള്‍ തിരഞ്ഞെടുത്താണു പഠനം നടത്തേണ്ടത്. നാലാമത്തെ സെറ്റ് ആദ്യം തിരഞ്ഞെടുത്ത 3 കരിക്കുലര്‍ മേഖലകളില്‍ നിന്നോ അതല്ലാത്ത മറ്റൊന്നില്‍ നിന്നോ ആകാം. ഫലത്തില്‍ വിദ്യാര്‍ഥികള്‍ സയന്‍സ്, ആര്‍ട്സ് വേര്‍തിരിവുകളില്ലാതെ പഠനം നടത്താന്‍ സാധിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു സമര്‍പ്പിച്ച കരട്, പൊതുജനങ്ങളില്‍ നിന്ന് അഭി പ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു.