എം.ജി.യില്‍ നിന്ന് നേടാം, ഇരട്ടബിരുദം

Share

കോട്ടയം: എം.ജി.സര്‍വകലാശാല സംയുക്ത മാസ്റ്റേഴ്‌സ് പ്രോഗ്രാം 2024 അധ്യയനവര്‍ഷം മുതല്‍ എല്ലാ വിഷയങ്ങള്‍ക്കും നടപ്പാക്കും. ഇരട്ട ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയും തുടങ്ങാനാണ് ആലോചന.
ഒരു വിഷയത്തിലെ ബിരുദമോ ബിരുദാനന്തരബിരുദമോ രണ്ട് സര്‍വകലാശാലകളുടെ അംഗീകാരത്തോടെ പഠിപ്പിക്കും. എം.എസ്സി. ഫിസിക്‌സ്, കെമിസ്ട്രി കോഴ്‌സുകള്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് തുടങ്ങുന്നതാണ് ആദ്യപദ്ധതി. ഈ കോഴ്‌സ് ജൂണില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് രണ്ട് സര്‍വകലാ ശാലകളിലെയും അധ്യാപകരു ടെ സഹായം ലഭിക്കും. ഇഷ്ടമുള്ള ഒന്നിനെ മാതൃസര്‍വാശാലയായി തിരഞ്ഞെടുക്കാം. വിവിധ സെമസ്റ്റുകള്‍ രണ്ട് സര്‍വകലാശാലകളിലും മാറിമാറി പഠിക്കാം. ഓണ്‍ ലൈന്‍ ക്ലാസുകള്‍ രണ്ടിടത്തുമുണ്ട്. അതും പ്രയോജനപ്പെടുത്താം. അവസാന സെമസ്റ്റര്‍ പുറത്തുള്ള ഒരു സര്‍വകലാശാലയി ലെ ഗവേഷണസ്ഥാപനത്തില്‍ പഠിക്കാനും അവസരമുണ്ട്. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ജോയിന്റ് കോഴ്‌സുകള്‍ക്ക് വൈസ് ചാന്‍സലര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒരേസമയം വിദ്യാര്‍ഥിക്ക് രണ്ട് വ്യത്യസ്ത വിഷയം പഠിക്കാനും അവസരം കിട്ടും. മറ്റൊരു ബിരുദമോ ബിരുദാനന്തരബിരുദമോ നേടാന്‍ അധികവര്‍ഷം ചെലവില്ല. ഇതിനായി
പഠനസമയം ക്രമീകരിച്ചുനല്‍കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അറിയിച്ചു.