തിരുവനന്തപുരം: താരസാന്നിധ്യങ്ങൾക്കപ്പുറത്തുള്ള ചർച്ചകൾ പൊതുജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിനുണ്ടാകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മേളയിൽ സ്ത്രീ ചലച്ചിത്രപ്രവർത്തകരുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് മികച്ച മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്ല എന്ന പ്രത്യേകതയും ഡിസംബർ 9ന് തലസ്ഥാനത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ ആകർഷണമാണെന്നും മന്ത്രി പറഞ്ഞു. അടിച്ചേൽപ്പിക്കപ്പെടുന്നതല്ല മാനവീകതയ്ക്കായുള്ള കാഴ്ചകളാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൊരുക്കിയിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു.
ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാർത്തകൾ, ദൈനംദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദാംശങ്ങൾ ഉൾപ്പെട്ട കിറ്റും മീഡിയാ സെല്ലിൽ നിന്നും മാധ്യമങ്ങൾക്ക് ലഭിക്കും. ജേണലിസം, മാസ് കമ്യൂണിക്കേഷൻ കോഴ്സ് വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും തെരഞ്ഞെടുത്തവരാണ് മീഡിയെ സെല്ലിൽ സേവനങ്ങൾ നൽകുന്നത്.