തലശ്ശേരി : ലഹരിക്കെതിരായി പോരാടാൻ വീടുകളിൽ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന കാമ്പയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാടിന്റെ ഭാവി വളർന്നു വരുന്ന കുട്ടികളിലാണെന്നും അവരിലെ ലഹരിയുപയോഗം കണ്ടെത്തി വിദഗ്ദാഭിപ്രായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛനമ്മമാർ കുട്ടികളുടെ മുന്നിൽ വെച്ച് വഴക്കിടുമ്പോൾ അതവരുടെ സ്വഭാവ രൂപീകരണത്തെ മോശമായി ബാധിക്കും. കുട്ടികൾ വലിയ തോതിൽ ലഹരിക്ക് അടിമപ്പെടുന്ന ഈ കാലത്ത് അവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണം. വ്യാജ പോക്സോ കേസുകൾ ഭയന്ന് അധ്യാപകർ വിദ്യാലയങ്ങളിൽ പലതും കണ്ടില്ലെന്ന് വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായാൽ അത് മറച്ച് വെക്കാതെ വിദഗ്ദാഭിപ്രായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
ചില സന്ദർഭങ്ങളിൽ കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് വരെ അത് മറ്റാർക്കും മനസിലാകില്ല. ബാൻഡേജുകളായും പലവിധ മരുന്നുകളായും പേനയിലും നഖത്തിലും വരെ ഒളിപ്പിക്കാവുന്നതരത്തിൽ മയക്കുമരുന്നുകൾ നാട്ടിൽ സുലഭമാണ്. അതുകൊണ്ടു തന്നെ തന്റെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ ദൂഷ്യമുണ്ടെന്ന് മനസിലായാൽ ഉടൻ തന്നെ വിദഗ്ദാഭിപ്രായം തേടുന്നതിൽ മടിക്കേണ്ടതില്ലെന്നും സ്പീക്കർ വെക്തമാക്കി
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാലസൗഹൃദ തദ്ദേശ ഭരണം എന്നിവ ഉൾപ്പെടുത്തി കേരളത്തിലുടനീളം നടത്തി വരുന്ന പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലസംരക്ഷണ സമിതികളുടെ രൂപീകരണം, സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തുക, ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ ഇല്ലാതാക്കുക, മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല – ഭിക്ഷാടനം എന്നിവ തടയുക, ശൈശവ വിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യകൾ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളർത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് നാലാം ഘട്ടത്തിൽ പദ്ധതി ലക്ഷ്യം വെക്കുന്നത്.
- ഭിന്നശേഷിക്കാർക്ക് ശ്രേഷ്ഠം പദ്ധതി: ഒക്ടോബർ 31 വരെ അപേക്ഷിക്കാം
- മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ഒക്ടോബർ 26 ന്
- അനന്യം പദ്ധതി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
- National Online Workshop on Cyber security and Mental Health Is Organized by the Education Ministry
- പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം: ഒക്ടോബർ 30 വരെ അപേക്ഷിക്കാം