പാറശാല: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ നേതൃത്വത്തിലെത്തിയ സംഘം യുവാവിനെ വെട്ടിപരിക്കേല്‍പിച്ചെന്ന് പരാതി. മരിയാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. തിങ്കൾ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ജസ്റ്റസും സുനിതയും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
എന്നാല്‍ സുനിത പലപ്പോഴും പൊലീസ് സാന്നിദ്ധ്യത്തില്‍ ജസ്റ്റസിന്റെ വീട്ടിലെത്തി സാധനങ്ങള്‍ കൊണ്ടു പോകുമായിരുന്നു. തിങ്കൾ വീണ്ടും പൊലീസ് സാന്നിദ്ധ്യത്തില്‍ സുനിതയും മക്കളും ജസ്റ്റസിന്റെ വീട്ടിലെത്തി. ഇവരെ വീട്ടിനുള്ളില്‍ കയറ്റി താമസിപ്പിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്.
വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയ ജസ്റ്റസിനെ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീടിന് മുന്നില്‍ വച്ചുതന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പൊലീസ് പ്രതികളില്‍ നാലുപേരെ പിടികൂടി.ആക്രമണത്തില്‍ ജസ്റ്റസിന്റെ തലയില്‍ മൂന്നും, മുതുകില്‍ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് തകര്‍ത്തിട്ടുണ്ട്. പിന്നീട് വീണ്ടുമെത്തിയ പൊലീസ് വീടിനുള്ളില്‍ ഒളിച്ചിരുന്ന മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത ശേഷം സുനിതയെയും മക്കളേയും സ്റ്റേഷനിലേക്ക് മാറ്റി. മരംവെട്ട് തൊഴിലാളിയായ ജസ്റ്റസിന്റെ നില ഗുരുതരമാണ്. മകളുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.