തിരുവനന്തപുരം: കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ ശുപാര്‍ശ തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റാവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി തള്ളുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.