മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ തീപിടിത്തം; വ്യാപക നാശനഷ്ടം

Share

നാഗര്‍കോവില്‍: കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ അഗ്‌നിബാധ. തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായതായാണ് വിവരം.
ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്‌നിബാധ ഉയര്‍ന്നുവന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.

ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും കെടുത്തി.


കുളച്ചല്‍ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടര്‍ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.നില വിളക്കില്‍ നിന്ന് തീ പടര്‍ന്നതായി നിഗമനം.

ദീപാരാധനയ്ക്കുശേഷം നിലവിളക്കില്‍ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടില്‍ തീ പിടിക്കുകയും അങ്ങനെ തീ പടര്‍ന്നതാവാം എന്ന നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഇങ്ങനെയൊരു തീപിടിത്തം.

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം അഗ്‌നിയില്‍ തകര്‍ന്നു.