97 ലക്ഷം തട്ടി, സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

Share

കോയമ്പത്തൂർ: കേസിലിരിക്കുന്ന ഭൂമി വിൽപ്പന നടത്തി പണം തട്ടിയ കേസിൽ എം പി യും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ.

97 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ്‌ സുരേഷ്‌ ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ  കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശിയായ ഗിരിധരനിൽ നിന്നാണ് പണം തട്ടിയത്. നവക്കരയിലെ 4.52 ഏക്കർ സ്ഥലത്തിൻറെ  മറവിലായിരുന്നു തട്ടിപ്പ്. ഇതിനായി 97 ലക്ഷം രൂപ സുനിൽ ​ഗോപിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി. 2021 നവംബര്‍ 24 ന് രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. തുടർന്നാണ് സ്ഥലത്തിൻമേൽ സിവിൽ കേസുകളുണ്ടെന്ന് ഗിരിധരന് മനസ്സിലായത്.

ഭൂമി ഇടപാട് കോടതി റദ്ദാക്കി. എന്നാൽ പണം തിരികെ നൽകാൻ സുനിൽ തയ്യാറായില്ല. തുടർന്നാണ് കോയമ്പത്തൂർ പൊലീസ് കേസെടുത്ത്‌ അറസ്റ്റ് ചെയ്തത്.

സുനില്‍ഗോപി പണംതട്ടിയത്  സഹോദരന്‍ സുരേഷ് ഗോപിയുടെ പേര് ഉപയോഗിച്ചാണെന്ന് പരാതിക്കാരന്‍. പ്രശസ്‌തമായ കുടുംബമായതിനാല്‍ വഞ്ചിക്കില്ല എന്ന് വിശ്വസിച്ചാണ് പണം കൈമാറിയതെന്ന് തടാകം റോഡിലുള്ള ഗ്രീന്‍ പ്രോപര്‍ട്ടി പാര്‍ട്ണര്‍ എസ് രാജന്‍ പറഞ്ഞു.

72 ലക്ഷം രൂപ സുനില്‍ഗോപിക്കും 17 ലക്ഷം രൂപ സുഹൃത്ത് റീനയ്ക്കും എട്ട് ലക്ഷം രൂപ റീനയുടെ ഭര്‍ത്താവ് ശിവദാസനുമാണ് നല്‍കിയത്. സുനില്‍ഗോപി പറഞ്ഞിട്ടാണ് ഇവര്‍ക്കും തുക നല്‍കിയത്. മൂന്ന് മാസം മുമ്പാണ് ഇടപാട് നടന്നത്. നവക്കരയിലുള്ള ഒമ്പത് ഏക്കര്‍ സ്ഥലത്തില്‍ 4.52 ഏക്കര്‍ സ്ഥലം ഗ്രീന്‍ പ്രോപ്പർട്ടിസിന്  വില്‍ക്കാനാണ് കരാറായത്. സ്ഥലത്തിന്റെ ചില അവകാശതര്‍ക്കമുള്ളതിനാല്‍ അവര്‍ക്ക് തുക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ പണം നല്‍കിയത്. എന്നാല്‍ വീണ്ടും ഒരു കോടി രൂപ അവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്.

എല്ലാ ഇടപാടും ബാങ്ക് വഴിയായതിനാല്‍ രേഖകളുമുണ്ട്. ഗ്രീന്‍ പ്രോപ്പര്‍ട്ടീസ് പാര്‍ട്ണര്‍ ഗിരിധരനാണ് ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.  സുനില്‍ഗോപി ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്.