1001 പാളയിൽ മഹാഭൈരവി

Share

ഓതറ: ഭഗവതി ക്ഷേത്രത്തിന് മുൻപിൽ മഹാഭൈരവിക്കോലം എഴുന്നള്ളിയതോടെ  ഓതറ പുതുക്കുളങ്ങര പടയണിക്ക് സമാപനമായി.

ആയിരത്തൊന്ന് കമുകിൻ പാളയിൽ തീർത്ത മഹാഭൈരവിക്കോലം ചിത്രകലയുടെ വിസ്മയം കൂടിയായി. അതിൻറെ  വരവ് കാണാൻ നൂറ് കണക്കിന് കലാപ്രേമികളാണ് എത്തിയത്.സാധാരണ ഭൈരവിക്കോലങ്ങൾ തലയിൽ എടുത്ത് തുള്ളുകയാണ് പതിവ്. 101  പാളയിൽ തീർത്ത കോലങ്ങൾ വരെ തലയിലെടുത്ത് കലാകാരന്മാർ ചുവട് വയ്ക്കും. ഇതിൻറെ  പത്തിരട്ടി വലിപ്പമുള്ള കോലമായതിനാൽ തടികൊണ്ടുള്ള ചക്രങ്ങളും ചട്ടവും ഉപയോഗിച്ചാണ് കളത്തിൽ എത്തിക്കുന്നത്.

1001 പച്ചക്കമുകിൻ പാളയിൽ പ്രകൃതി വർണങ്ങൾ ചാലിച്ച് എഴുതിയ മഹാ ഭൈരവിക്കോലം 35 ചിത്രകലാകാരന്മാരുടെ 50 മണിക്കൂർ നേരത്തെ അദ്ധ്വാനഫലമാണ്. അത് തയ്യാറാക്കുന്ന ചട്ടവും ചാടും ഒരുക്കാൻ പോലും അഞ്ച് ദിവസത്തെ അദ്ധ്വാനം വേണ്ടി വന്നു. 

bhairavi 1
മഹാഭൈരവിക്കോലം

പുറമറ്റം ശ്രീദേവി പടയണി സംഘമാണ് പടയണി വിനോദമായ കാക്കാരശ്ശി അവതരിപ്പിച്ചത്. അന്തരയക്ഷി, സുന്ദര യക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി,  തുടങ്ങിയ കോലങ്ങളും കളത്തിലെത്തി. പഴയകാവിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്രയും പടിഞ്ഞാറ്റോതറ പഴയപുതുക്കുളുങ്ങര വെളിയംപള്ളിൽ കളരിയിൽ നിന്നും  കല്ലിശ്ശേരി വൈശ്യത്തിൽ കുടുംബത്തിൽ നിന്നും കൊടിയും കുടയും ഘോഷയാത്രയും  ക്ഷേത്രത്തിലെത്തി.

വൈകിട്ട് സമീപത്തെ അഞ്ച് ഗ്രാമങ്ങൾക്ക് ആചാരപരമായ വരവേൽപ്പു നൽകുന്ന ബന്ധുക്കര വരവ് ചടങ്ങും നടന്നു. രാവിലെ ഏഴരയോടെ മംഗള ഭൈരവി തുള്ളി വലിയ പടയണി ചടങ്ങുകൾ സമാപിച്ചു. ഇനി വിഷു ദിനത്തിൽ മഹാഭൈരവിക്കോലം അഴിക്കുന്ന ചടങ്ങ് ആചാരപരമായി നടക്കും.