സുഭിക്ഷം സുരക്ഷിതം: ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു

Share

കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശത്തെ കൃഷിഭവനുകളിലും ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെൻ്റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് ജൈവകൃഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും ലഭിക്കുന്നതിനുമായി അപേക്ഷകൾ ക്ഷണിക്കുന്നു.

ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷി സംബന്ധിച്ച അറിവുകൾ ലഭിക്കുന്നതാണ്. കൂടാതെ തങ്ങളുടെ ജൈവ ഉല്പന്നങ്ങൾ സർക്കാരിൻ്റെ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും സാഹചര്യം ലഭിക്കുന്നു. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതായിരിക്കും. ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന PGS മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.

ഇപ്പോൾത്തന്നെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്ക് ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാൻ സാധിക്കുന്നതാണ്. ജൈവ കൃഷിയിൽ പ്രത്യേക താല്പര്യം ഉള്ളവർക്കും ഈ പദ്ധതി നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും താല്പര്യമുള്ളവർക്ക് പ്രസ്തുത കാര്യം കൃഷിഭവനിൽ അറിയിക്കുകയോ അപേക്ഷയിൽ പ്രത്യേകമായി രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.

അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ മുഴുവനായും വ്യക്തമായും പൂരിപ്പിച്ച് 2020-21 വർഷത്തെ നികുതി രശീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ അക്കൗണ്ട് നമ്പർ കാണിക്കുന്ന പേജ് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം നൽകണം.