തിരുവനന്തപുരം: സിപിഎമ്മിന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി.എകെജി സെന്‍ററിന് സമീപമാണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ മന്ദിരം പണിയാന്‍ തീരുമാനിച്ചത്.
എ കെ ജി സെന്ററിനു സമീപം ഗ്യാസ് ഹൗസ് ജങ്ഷനോട് ചേർന്നുള്ള സ്ഥലത്താണ് ഒമ്പതുനിലയിൽ 58,500 ചതുരശ്രയടിയിൽ മന്ദിരം നിർമിക്കുന്നത്. ഇതിനു പുറമെ രണ്ട് ബേസ്‌മെന്റ് ഫ്‌ളോർ കൂടിയുണ്ടാകും. നിലവിൽ ആറു നിലയുടെ നിർമാണത്തിനാണ് അനുമതി. ബാക്കിനിലകളുടെ നിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിക്കാനുണ്ട്.
പൂർണമായും ഹരിത കെട്ടിടം എന്ന ആശയം മുൻനിർത്തിയാണ് രൂപകൽപ്പന. അറുപതിലേറെ കാറുകൾക്ക് പാർക്ക് ചെയ്യാം. വൈദ്യുതി സ്വയംപര്യാപ്തതയ്‌ക്കായി സോളാർ പാനൽ വിന്യസിക്കും. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും. നിലവിൽ എ കെ ജി പഠന ഗവേഷണ മന്ദിരത്തിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്‍റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ് ജോലിയുടെ സ്വിച്ച് ഓണ്‍ പിബി അംഗം എം.എ.ബേബി നിര്‍വഹിച്ചു.