സിൽവർ ലൈൻ 2025ൽ പൂർത്തിയാകും; മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി

Share

കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാത 2025ൽ പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള സംശയങ്ങൾക്കു വ്യക്തത വരുത്തുന്നതിനുമായാണു ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിക്കെതിരേ ഉയർന്നിട്ടുള്ള എതിർവാദങ്ങൾ കഴമ്പില്ലാത്തതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിലും പുനരധിവാസത്തിലും യാതൊരു ആശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രകാരം 9300-ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോൾ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ മാർക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നൽകും. പട്ടണങ്ങളിൽ രണ്ടിരട്ടിയും നൽകും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നൽകും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈൻമെന്റ് നിശ്ചയിച്ച് അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റ ഫലമായുണ്ടാകുന്ന ആഘാതങ്ങൾ ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തിൽ പദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
63,941 കോടി രൂപയാണു സിൽവർലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ചു വർഷംകൊണ്ടാണു ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകും. 2025ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി അഞ്ചു പാക്കേജുകളിലായി ഒരേ സമയം നിർമാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവൃത്തി നടക്കും. രണ്ടു വർഷംകൊണ്ടു ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകണം. തുടർന്നുള്ള മൂന്നു വർഷംകൊണ്ടു പദ്ധതിയുടെ നിർമാണവും പൂർത്തിയാക്കണം.
സിൽവർ ലൈൻ പരിസ്ഥിതിക്കു വലിയ ദോഷമുണ്ടാക്കുമെന്ന ചിലരുടെ പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ മറുന്നുള്ള വികസനമല്ല സിൽവർ ലൈനിൽ സർക്കാർ ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന ഗതാഗതം റെയിൽ ആണ്. ഇതുമാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യമൃഗ സങ്കേതങ്ങളിലൂടെയും കെ-റെയിൽ കടന്നുപോകുന്നില്ല. ഒരു ജലസ്രോതസിന്റെയും സ്വാഭാവിക ഒഴുക്കിനു തടസമുണ്ടാക്കുന്നില്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും 88 കിലോമീറ്റർ തൂണുകളിലൂടെയാണു പാത കടന്നുപോകുന്നത്. ഇവിടെയും യാതൊരു പരിസ്ഥിതി പ്രശ്നവുമുണ്ടാകില്ല. സിൽവർ ലൈൻ വരുന്നതോടെ 2,80,000 ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാനാകും. ചരക്കു വാഹനങ്ങൾ കടത്തിക്കൊണ്ടുപോകാൻ റോ റോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതു ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ വലിയ കുറവുണ്ടാക്കും. 500 കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങളുടെ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ.
സിൽവർ ലൈനിൽ നിർമിക്കുന്ന എംബാങ്ക്മെന്റ് പ്രളയമുണ്ടാക്കുമെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. നിവലിലുള്ള എല്ലാ റെയിൽവേ ലൈനും ഇങ്ങനെയാണു നിർമിച്ചിട്ടുള്ളത്. അവിടെയില്ലാത്ത പ്രളയം സിൽവർ ലൈൻ ഉണ്ടാക്കുമെന്ന വാദത്തിന് യാതൊരു കഴമ്പുമില്ല. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. പാതയുടെ ഓരോ 500 മീറ്ററിലും ഓവർ ബ്രിഡ്ജുകളോ അടിപ്പാതകളോ ഉണ്ടാകും. ആകെ ദൂരത്തിന്റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതാണ്.
സംസ്ഥാനത്തു നിലവിലുള്ള റെയിൽവേ വികസിപ്പിച്ചു പുതിയ റെയിലിനു സമാന നേട്ടമുണ്ടാക്കാമെന്ന പ്രചാരണവും നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം – മംഗലാപുരം സെക്ഷനിൽ 19 കിലോമീറ്റർ പാത മാത്രമാണ് ഇനി ഇരട്ടിപ്പിക്കാനുള്ളത്. എന്നാൽ റെയിൽ ഗതാഗതത്തിന്റെ വേഗത പഴയ നിലയിൽത്തന്നെയാണ്. തിരുവനന്തപുരത്തുനിന്നു കാസർകോഡ് വരെയുള്ള പാതയിൽ 626 വളവുകൾ ഉണ്ട്. ഇതു നിവർത്തിയെടുത്തുള്ള വികസനം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രായോഗികമല്ല. റെയിൽവേ വികസനത്തിനു സിൽവർ ലൈനിനു വേണ്ടതിനേക്കാൾ ഭൂമിയും ആവശ്യമായിവരും. സാധാരണ റെയിൽവേ ലൈനുകൾക്ക് ഇരു വശവും 30 മീറ്റർ ബഫർ സോണാണെങ്കിൽ സിൽവർ ലൈനിൽ ഇത് അഞ്ചു മീറ്റർ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനവും സിൽവർ ലൈനും താരതമ്യം ചെയ്തും പ്രചാരണം നടക്കുന്നുണ്ട്. ഇതിലെ വാദവും യുക്തിരഹിതമാണ്. സിൽവർ ലൈനിന് നാലുവരിപ്പാതയേക്കാൾ കുറവു സ്ഥലമേ ആവശ്യമുള്ളൂ. നാലുവരിപ്പാത വികസിപ്പിച്ചു കുറച്ചു കാലം കഴിയുമ്പോൾ വാഹനത്തിരക്കേറും. പിന്നെ ആ റോഡ് മതിയാകാതെവരും. 100 ശതമാനം പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളാകും സിൽവർ ലൈനിൽ ഉപയോഗിക്കുക. അതുവഴി 2052 ഓടെ 5.95 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാത്താക്കാൻ കഴിയും. 12,872 വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നത് ഒഴിവാകും. 46,206 പേർ റോഡ് ഗതാഗതത്തിൽനിന്നു മാറി ഓരോ ദിവസവും സിൽവർ ലൈൻ ഉപയോഗിക്കും. പദ്ധതിയുടെ നിർമാണ സമയത്ത് 50,000 തൊഴിലവസരങ്ങളും പ്രവർത്തന ഘട്ടത്തിൽ 11,000 പേർക്കും തൊഴിൽ നൽകാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, കെ. രാജൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ.എൻ. ബാലഗോപാൽ, പി. പ്രസാദ്, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, സജി ചെറിയാൻ, വി. അബ്ദുറഹിമാൻ, ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, ചിഞ്ചു റാണി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, വി. ശശി, വി. ജോയി, ചീഫ് സെക്രട്ടറി വി.പി. ജോയി, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതം ആശംസിച്ചു. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതി അവതരണം നടത്തി. പ്രൊജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ കൃതജ്ഞതയർപ്പിച്ചു.