സവര്‍ക്കറെക്കുറിച്ച് രാഹുല്‍ ഇനി മിണ്ടില്ല

Share

കൊച്ചി: വി. ഡി. സവര്‍ക്കറെക്കുറിച്ച് രാഹുല്‍ഗാന്ധി ഇനി ഒരക്ഷരം മിണ്ടില്ല. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ പക്ഷംശിവസേനയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാട് എടുക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായത്. ഉദ്ധവ് പക്ഷത്തെ എം. പി. സഞ്ജയ് റാവത്ത് സവര്‍ക്കര്‍ വിഷയം സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സവര്‍ക്കറെ തള്ളിപ്പറയുന്ന ഒരു രാഷ്ട്രീയ കക്ഷിയുമായി ഒത്തുപോകുന്നത് മഹാരാഷ്ട്രയില്‍ ആത്മഹത്യാപരമാണെന്ന് സഞ്ജയ് ഇരുവരെയും ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മേലില്‍ സവര്‍ക്കര്‍ക്കെതിരെ പ്രകോപനപരമായി സംസാരിക്കില്ലെന്ന് രാഹുല്‍ ഉറപ്പു നല്‍കിയത്. മറ്റൊരു കേസിലാണെങ്കിലും, വര്‍ഗീയ പരാമര്‍ശങ്ങള്‍ തടയണമെന്ന തരത്തില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം നടത്തിയിരുന്നു. അത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന കോടതിയിലേക്ക് വിഷയം എത്തിപ്പെട്ടാല്‍ പ്രശ്‌നമാകുമെന്ന സൂചനയും രാഹുല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് കരുതേണ്ടത്.