‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് ഇന്നു തുടക്കം

Share

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (ജനുവരി 10, 11) കോവളം കെ.ടി.ഡി.സി. സമുദ്രയിൽ നടക്കുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഡിജിറ്റൽ ലോകത്തുനിന്നുള്ള തെറ്റായ വിവരങ്ങളെ തിരിച്ചറിയൽ, ഫാക്ട് ചെക്കിങ് ടൂളുകൾ തുടങ്ങിയവ സംബന്ധിച്ചു വിദ്യാർഥികളിൽ ബോധവത്കരണം നൽകൽ മുതലായവ ലക്ഷ്യമിട്ടു സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ഡാറ്റ അനലറ്റിക്‌സ്, ഫാക്ട് ചെക്കിങ്, മീഡിയ റിസേർച്ച് തുടങ്ങിയ വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയിനർമാർക്കു പരിശീലനം നൽകും. ഇവർ സംസ്ഥാനത്തെ വിദ്യാർഥികൾക്കും അധ്യാപകർക്കും മീഡിയ ലിറ്ററസിയിൽ തുടർ പരിശീലനം നൽകും.
രാവിലെ 10.30നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി. വിഗ്‌നേശ്വരി, അഡിഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ്, ഡാറ്റ ലീഡ്സ് സ്ഥാപകനും സി.ഇ.ഒയുമായ സെയ്ദ് നാസാകത് ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും വൈകിട്ട് അഞ്ചു വരെ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും.