സംഘർഷം ആഗ്രഹിക്കുന്നില്ല, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകും; എസ് ഡി പി ഐ

Share

സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അമീർ അലി. സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടക്കുന്ന സർവകക്ഷി യോഗത്തിലാണ് എസ് ഡി പി ഐ നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.

ഇതിനിടെ പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി. സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.