ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാനെക്കുറിച്ച് വായിക്കുന്നത് ഈയിടെയാണ്. അമേരിക്കന്‍ എഴുത്തുകാരി, ചിത്രകാരി, സാമൂഹ്യപ്രവര്‍ത്തക, ഫെമിനിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള അവരുടെ ജീവിതചിത്രങ്ങളിലൂടെ കടന്നുപോയപ്പോള്‍ അത്രയൊന്നും സന്തോഷകരമായ കാര്യങ്ങളല്ല കാണാനായത്.
പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി അവര്‍ ജീവിച്ചിരുന്ന കാലത്തെ ആണധികാരത്തിന്റെ ചിത്രങ്ങള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏതാണ്ടതേപടിയൊക്കെ നിലനില്‍ക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു താരതമ്യത്തിനുവേണ്ടിയെങ്കിലും ഷാര്‍ലറ്റിനെ വായിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുകയായിരുന്നു.
ഒരു വ്യവസ്ഥിതിയോട് യുദ്ധം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും അത് എഴുത്തിലൂടെയാകുമ്പോള്‍. ആണ്‍കോയ്മയിലുറച്ച ഒരു സാമൂഹ്യവ്യവസ്ഥയെ തന്റെ എഴുത്തുകളിലൂടെ തുറന്നുകാണിച്ച പ്രമുഖയായ ആ എഴുത്തുകാരി പക്ഷെ 1935-ല്‍ തന്റെ മരണത്തിനുശേഷം പൊതുബോധത്തില്‍ നിന്നും മറഞ്ഞുപോവുകയാണുണ്ടായത്.
അതിനുശേഷം 1970-കളില്‍ ഫെമിനിസ്റ്റ് സാഹിത്യധാരയാണ് ഷാര്‍ലറ്റിന്റെ എഴുത്തുകളെ വീണ്ടെടുത്ത് വീണ്ടും വായനക്കാര്‍ക്കിടയിലേക്ക് കൊണ്ടുവരുന്നത്. അമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ഫെമിനിസ്റ്റ് എഴുത്തുകാരിലൊരാളാണ് ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍.
1860 -ല്‍ കണക്റ്റിക്കട്ടില്‍ ജനിച്ച ഗില്‍മാന്‍ 1935-ല്‍ കാന്‍സര്‍ രോഗിയായിരിക്കെ ആത്മഹത്യയിലൂടെ ജീവിതത്തിന് വിരാമമിടുകയായിരുന്നു. പോരാട്ടങ്ങള്‍ക്ക് തീറെഴുതിയതായിരുന്നു അവരുടെ ജീവിതം. കുട്ടിക്കാലത്തേ പിതാവ് ഉപേക്ഷിച്ചതിനാല്‍, കടുത്ത ദാരിദ്ര്യത്തിലൂടെയാണ് അവര്‍ വളര്‍ന്നത്.
ചെറിയ ജോലികള്‍ ചെയ്തു വളര്‍ന്ന അവര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലൂടെയാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. അതിനിടെ, അന്നത്തെ സമൂഹം മുന്നോട്ടുവെച്ച വിധിവിലക്കുകളെ കൂസലില്ലാതെ മറികടന്നാണ് അവര്‍ വ്യക്തിജീവിതത്തില്‍ സ്വാതന്ത്ര്യം പ്രാപിച്ചത്.
വിവാഹമോചനം അത്രയൊന്നും പ്രാബല്യത്തിലില്ലാത്ത കാലത്ത് കൂസലില്ലാതെ അതിനു മുതിര്‍ന്ന അവര്‍ വിവിധ ലെസ്ബിയന്‍ ബന്ധങ്ങളിലൂടെ പില്‍ക്കാലത്ത് കടന്നുപോയി. ജീവിതത്തിലുടനീളം അവര്‍ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമാവുകയും അധികാരവുമായി മുഖാമുഖം നില്‍ക്കുകയും ചെയ്തു. ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്റെ ”ഞാനൊരു ആണായിരുന്നെങ്കില്‍” എന്ന കഥയാണ് ഇക്കുറി മറുകരയില്‍.