ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ സമൂഹത്തിൽ ഇന്നുമുണ്ട്: മുഖ്യമന്ത്രി

Share

ജാതിയേയും മതത്തേയും കുറിച്ചുള്ള ശ്രീനാരായണ ഗുരു സന്ദേശങ്ങളും കാഴ്ചപ്പാടും മനസിലാക്കാത്തവർ സമൂഹത്തിൽ ഇന്നുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങൾക്ക് ഒരു നൂറ്റാണ്ടുമുൻപുതന്നെ ഗുരു കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 89-ാമതു ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യത്വപരമായ ചിന്തകളിലൂടേയും പ്രവൃത്തികളിലൂടെയും മനുഷ്യന്റെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പറഞ്ഞു. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഗുരു പറഞ്ഞത് ഇതുകൊണ്ടാണ്. ഈ സന്ദേശം ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഈ കാഴ്ചപ്പാടിനെ സമൂഹം പൊതുവേ ഉൾക്കൊണ്ടു. ആചാര്യസ്ഥാനത്തുനിന്നുകൊണ്ടുതന്നെ സാമൂഹ്യ വിപ്ലവകാരിയുടെ പങ്ക് അദ്ദേഹം വഹിച്ചു. എന്നാൽ ഗുരുവിന്റെ ഈ കാഴ്ചപ്പാട് ഉൾക്കൊള്ളാത്തവരും മനസിലാക്കാത്തവരും അക്കാലത്തുണ്ടായിരുന്നു. അത് അന്നത്തെപ്പോലെ ഇന്നുമുണ്ടെന്നു നാം തിരിച്ചറിയണം. ഇന്നതിനു പ്രത്യേകമായ ചില ഭാവങ്ങൾ വന്നിരിക്കുന്നെന്നു മനസിലാക്കി അതിന്റെ അപകടാവസ്ഥ ഉൾക്കൊണ്ട് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ജനങ്ങളിലേത്തിക്കാൻ ശ്രമിക്കേണ്ടതുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരു പകർന്നു നൽകിയ വെളിച്ചം കാലത്തേയും മനുഷ്യമനസുകളേയും മാറ്റിയെടുത്തു. എന്നാൽ മനുഷ്യമനുസുകളെ വീണ്ടും കലുഷിതമാക്കാനും പിന്നോട്ടുകൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ ചില വിഭാഗങ്ങൾ സംഘടിതമായി നടത്തുന്നുണ്ട്. ഗുരുവിന്റെ യഥാർത്ഥ സന്ദേശം മനുഷ്യസ്‌നേഹമായിരുന്നു. അതുകൊണ്ടാണു ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾക്കതീതമായി ചിന്തിക്കാൻ ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ ഗുരു വ്യക്തമാക്കി. എല്ലാവിധ വിഭാഗീയ വേർതിരിവുകൾക്കും അതീതമായ മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ സമൂഹത്തിൽ വലിയതോതിൽ വളർത്തിയെടുക്കേണ്ട കാലമാണിത്. നാം പലതും കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശിവഗിരി തീർഥാടനത്തിനും ഗുരുവിന്റെ സന്ദേശങ്ങൾക്കും വലിയ പ്രാധാന്യമാണുള്ളത്.
പരസ്പരം സ്നേഹിക്കുകയും എല്ലാവരും ഒന്നു ചേർന്ന് ഒന്നായി നിലകൊള്ളുകയും ചെയ്യുന്ന ഉന്നതമായ മാനവികതയുടെ സന്ദേശമാണ് ഗുരുവിന്റെ ഉത്‌ബോധനങ്ങളുടെ ആകെത്തുക. ഗുരുസന്ദേശത്തെ അന്വർഥമാക്കുന്ന വിധത്തിൽ ഒരുമയും ഐക്യവുമുള്ള സമൂഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ജാതിയുടേയോ മതത്തിന്റേയോ പ്രദേശത്തിന്റേയോ ഭാഷയുടേയോ ഭക്ഷണത്തിന്റേയോ വസ്ത്രത്തിന്റേയോ പേരിലുള്ള യാതൊരു വേർതിരിവുകളും ഉണ്ടാകില്ല. അത്തരത്തിൽ എല്ലാവർക്കും ഒന്നിച്ചു ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. നവകേരള സൃഷ്ടിയുടെ ഭാഗമായി സർക്കാർ ശ്രദ്ധവച്ചിരിക്കുന്നത് ഇതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കനിമൊഴി എം.പി, എം.എൽ.എമാരായ വി. ജോയി, കെ. ബാബു, മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ഗോകുലം ഗോപാലൻ, അഡ്വ. വി.കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.