ശമ്പളത്തിൽ നിന്ന് ഈടാക്കിയ റിക്കവറി ബാങ്കിലടച്ചില്ല ; പ്രിൻസിപ്പലിനെതിരായ നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Share

കൊല്ലം :- ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും ബാങ്കിൽ വായ്പാ കുടിശിക അടയ്കുന്നതിനായി ഈടാക്കിയ തുക യഥാസമയം ബാങ്കിലടയ്ക്കാത്ത കോളേജ് പ്രിൻസിപ്പലിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. കൊല്ലം എസ്. എൻ കോളേജിലെ ലാബ് അസിസ്റ്റന്റായ അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. അനിരുദ്ധനെതിരെയാണ് പരാതി. 2020 മേയിൽ പ്രൻസിപ്പൽ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.
കോളേജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വിവിധ ബാങ്കുകളി.ൽ നിന്നും പരാതിക്കാരൻ എടുത്തിട്ടുള്ള വായ്പകൾക്കായി ശമ്പളത്തിൽ നിന്ന് റിക്കവറി നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിക്കവറികൾ അതാത് മാസം ബാങ്കുകളിൽ ഒടുക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇക്കാരണത്താൽ പരാതിക്കാരന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. പരാതിയെ തുടർന്ന് കോളേജ് പ്രിൻസിപ്പലിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ 1,20,000 രൂപയും 2,40,000 രൂപയും കെ എസ് എഫ് ഇ യിൽ മൊത്തമായി അടച്ച് രസീത് ഹാജരാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ശമ്പള റിക്കവറി മാസം തോറും കൃത്യമായി പിടിച്ചെങ്കിലും അത് അതാത് മാസം ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നു. എന്നാൽ പരാതിയിൻമേൽ പ്രിൻസിപ്പലിനെതിരെ സ്വീകരിച്ച നടപടികൾ ഡപ്യൂട്ടി ഡയറക്ടർ അറിയിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.