വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ച തുടരും: മന്ത്രി ആന്റണി രാജു

Share

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യത്തിന്‍മേല്‍ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവിലുള്ളതു പോലെ തുടരണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടത്.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ്സ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് 5 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു.

2012-ലാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് ചാര്‍ജ് 50 പൈസയില്‍ നിന്നും ഒരു രൂപയായി വര്‍ദ്ധിപ്പിച്ചത്. ഡീസലിന്റെയും അനുബന്ധ ഘടകങ്ങളുടെയും വിലവര്‍ധന പരിഗണിച്ച് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വകാര്യ ബസ്സുടമാ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനിക്കൂ എന്ന് ഗതാഗതമന്ത്രി നേരത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തിയത്.