വളയം പിടിക്കാൻ ബർക്കത്ത് ദുബായിലേക്ക്

Share

കൂ​റ്റ​നാ​ട്: ബർക്കത്ത് നിഷ ഇനി ദുബായിയിൽ വളയം പിടിക്കും. 25––ാം വയസ്സിൽ ഹസാഡസ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി, സംസ്ഥാനത്ത് ലൈസൻസ്‌ നേടിയ രണ്ടാമത്തെ വനിതയായി മാറിയ ബർക്കത്ത് പതിനാറാം തീയതിക്കുള്ളിൽ ദുബായിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്.

പാസ്പോർട്ട് രണ്ടു ദിവസത്തിനകം കൈയിൽ കിട്ടും. ലൈസൻസ് കിട്ടി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിദേശത്തെത്താനുള്ള അവസരവും ബർക്കത്തിന് ലഭിക്കുകയാണ്. എറണാകുളം ഹിന്ദുസ്ഥാൻ പെ​ട്രോ​ളി​യം ടാ​ങ്ക​ര്‍ലോ​റി​യി​ല്‍ ഡ്രൈ​വ​റാ​യി​രി​ക്കെ​യാണ് വി​ദേ​ശ ക​മ്പ​നി​യി​ല്‍ അ​വ​സ​രം ​ലഭിച്ചത്‌. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദുബായി​യി​ലെ ന്യൂ​മിഡ് ഏഷ്യാ ബൾക്ക് പെ​ട്രോ​ളി​യം ക​മ്പ​നി​യി​ലാ​ണ് ഡ്രൈ​വ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക.

ബർക്കത്തിനുമുമ്പ് സംസ്ഥാനത്ത് ആദ്യമായി ഈ ലൈസൻസ് സ്വന്തമാക്കിയത് തൃശൂർ കണ്ടശാങ്കടവിലെ ഡെലീഷ ഡേവിസ് എന്ന യുവതിയാണ്.

പുരുഷന്മാർമാത്രം കൈയടക്കിവച്ചിരുന്ന ഈ മേഖലയിൽ സംസ്ഥാനത്ത് രണ്ടാമതായും ജില്ലയിൽ ആദ്യവനിതയായും ബർക്കത്ത് നിഷ മാറി. ഒ​രു ​വ​ര്‍ഷമായി​ ഡെ​ലീ​ഷ ഡേവിസ് ഇ​തേ ക​മ്പ​നി​യിൽ ജോലി ചെയ്യുന്നുണ്ട്. ഏ​റെ നി​യ​മ​ത​ട​സ്സ​ങ്ങ​ളുണ്ടായെ​ങ്കി​ലും അ​തെ​ല്ലാം പ​രി​ഹ​രി​ച്ചാ​ണ് ഡെ​ലീ​ഷ അന്ന് ദുബായി​യി​ൽ എ​ത്തി​യ​ത്. ബർക്കത്ത് കൂ​ടി എ​ത്തു​ന്ന​തോ​ടെ രണ്ടാമ​ത്തെ മ​ല​യാ​ളി വ​നി​ത​യും ഈ ക​മ്പ​നി​യി​ൽ വളയം പിടിക്കും.

പതിനാലാം വയസ്സിൽ സഹോദരന്റെ മോട്ടോർ ബൈക്ക്‌ ഓടിച്ചാണ് ഡ്രൈവിങ് രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഓട്ടോറിക്ഷയും കാറും ലോറിയും ബസും ഓടിക്കാൻ പഠിച്ചു. ലൈസൻസും സ്വന്തമാക്കി. വിവാഹബന്ധം വേർപിരിയേണ്ടി വന്ന വെല്ലുവിളിയുണ്ടായിട്ടും അഞ്ച് വയസ്സുള്ള ഐഷ നസ്രിന്റെ മാതാവായ ബർക്കത്ത് തളർന്നില്ല. വാഹനമോടിക്കാനുള്ള കമ്പത്തെ ആദ്യമൊക്കെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട്‌ പിന്തുണ നൽകുകയായിരുന്നു.

നാഗലശേരി കിളിവാലൻകുന്ന് വളപ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ ഹമീദിന്റെയും ഹഫ്സത്തിന്റെയും നാലു മക്കളിൽ മൂന്നാമത്തെയാളാണ് ബർക്കത്ത് നിഷ. സഹോദരൻ നിഷാദിനൊപ്പമാണ് ബർക്കത്ത് നിഷയും ലൈസൻസ് സ്വന്തമാക്കിയത്.