റൂട്ട് ട്രെയിനര്‍- തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ ബദല്‍ മാര്‍ഗ്ഗം

Share

തൈകള്‍ നടുന്നതില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനം വകുപ്പ് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന പരീക്ഷണങ്ങള്‍ക്കൊടുവില്‍ മികച്ച ബദല്‍ മാര്‍ഗ്ഗമായി ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനര്‍ മാറിയിരിക്കുകയാണ്. വനംവകുപ്പിന്റെ വിവിധ നഴ്‌സറികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് റൂട്ട് ട്രെയിനര്‍ യാഥാര്‍ത്ഥ്യമായത്.

ചകിരിനാരുകള്‍ കൊണ്ടുള്ള രണ്ടു ഷീറ്റുകളെ റബ്ബര്‍ സ്‌പ്രേ ചെയ്ത് ഉന്നതമര്‍ദ്ദത്തില്‍ പ്രത്യേക അച്ചില്‍ ചൂടാക്കി അമര്‍ത്തിയെടുത്താണ് റൂട്ട് ട്രെയിനര്‍ തയ്യാറാക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രേകളിലാണ് ഇവ വെക്കുക. ഒരു ട്രേയില്‍ 24 ചെടികള്‍ വെക്കാനാവും. 150 ക്യുബിക് സെ.മീ. വ്യാപ്തമുള്ള ചകിരിനാര് ഉപയോഗിച്ചുള്ള റൂട്ട് ട്രെയിനറുകളില്‍ വളര്‍ത്തുന്ന തൈകള്‍ 4 മാസം കൊണ്ട് നടാനുള്ള വലുപ്പമാകും.

മണ്ണ്, വെര്‍മി കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നത്. പ്ലാസ്റ്റിക് കൂടത്തൈകളേക്കാള്‍ ചെലവില്ല എന്നതും പ്രത്യേകതയാണ്. പരിസ്ഥിതി ദിനാചരണത്തിനും വനവല്‍കരണപ്രവര്‍ത്തനങ്ങള്‍ക്കുംമറ്റുമായി ചെടികളും വൃക്ഷത്തൈകളും വിതരണം ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് കവറുകളിലാണ് അവ വളര്‍ത്തിയെടുത്തിരുന്നത്. ഒരു കോടി വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ 25 ടണ്ണോളം പ്ലാസ്റ്റിക്കും വേണ്ടിവരും.

റൂട്ട് ട്രെയിനറുകള്‍ സഹിതമാണ് തൈകള്‍ നടുക. ചകിരി മണ്ണില്‍ ലയിച്ച് ഈര്‍പ്പം നിലനിര്‍ത്താനുള്ള മണ്ണിന്റെ കഴിവും ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കും. വനംവകുപ്പ് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ മറ്റു വകുപ്പുകളുടെ നഴ്‌സറികളിലും സ്വകാര്യ നഴ്‌സറികളിലും വ്യാപിപ്പിക്കുകവഴി പ്ലാസ്റ്റിക് മാലിന്യം കുറക്കാനാവും.

റൂട്ട് ട്രെയിനര്‍ ജനകീയമാകുന്നത് ചകിരി വ്യവസായമേഖലക്ക് ഗുണകരവുമാകും. വനം വകുപ്പ് നടത്തിയ പരീക്ഷണങ്ങളില്‍ റൂട്ട് ട്രെയിനറില്‍ ഉല്‍പ്പാദിപ്പിച്ച തൈകള്‍ക്ക് മികച്ച അതിജീവന മികവും വളര്‍ച്ചയും കണ്ടുവരുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

മുഖ്യ വനം മേധാവി പി.കെ.കേശവന്റെ നിര്‍ദ്ദേശാനുസരണം റിട്ട.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈന്‍ ആണ് പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. നാലു ലക്ഷത്തോളം റൂട്ട് ട്രെയിനര്‍ തൈകളാണ് ഉല്‍പ്പാദിപ്പിച്ചത്. 25 ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഫാക്ടറികളുംമറ്റും പ്രവര്‍ത്തിക്കാത്തത് തിരിച്ചടിയായി.

ചകിരിനാരു ഷീറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി ചെലവേറിയതാണെങ്കിലും ഷീറ്റ് വാങ്ങി റൂട്ട് ട്രെയിനര്‍ ഉണ്ടാക്കുന്ന ചെറു യൂണിറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ സ്ഥാപിക്കാം. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിലവില്‍ ധനസഹായം ലഭിക്കുന്നുണ്ട്.