രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണ്ണകവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ്. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഒപ്പമുണ്ടായിരുന്ന വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
സ്വര്‍ണ്ണക്കടത്തിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായി മൂന്ന് വാഹനങ്ങളിലായി 15 അംഗ സംഘം പാലക്കാട് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. അതില്‍ എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം, മരിച്ചവര്‍ വിവിധ കേസുകളിലെ പ്രതികളാണെന്ന് ചെറുപ്പുളശ്ശേരി പൊലീസ് വ്യക്തമാക്കി. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ വരാണ് മരിച്ചത്. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.
പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് മരണപ്പെട്ട എല്ലാവരുടെയും വീടുകളുള്ളത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു എന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് ചരല്‍ ഫൈസല്‍ എന്നയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്.
നിലവില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനിലുള്ള വാഹനത്തിലെ ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൂന്നാമത്തെ വാഹനത്തിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിനുവേണ്ടി സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ നാലെ മുക്കാലോടെ രാമനാട്ടുകര പുളിഞ്ചോട് വളവിന് സമീപമാണ് അപകടം നടന്നത്. കരിപ്പൂരില്‍ നിന്നും വന്ന ബൊലേറോ ജീപ്പ് എതിരെ സിമന്റ് കയറ്റിവന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.