കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വിപി മന്‍സിയക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്.
വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് വിജി തമ്പിയും സെക്രട്ടറി വി ആര്‍ രാജശേഖരനുമാണ് പ്രസ്താവനയില്‍ കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഇടതു സര്‍ക്കാരിൻറെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്‌കാരത്തിന് എതിരായ തീരുമാനമാണെന്നും വി.എച്ച്.പി വിമര്‍ശിച്ചു. വിശ്വഹിന്ദു പരിഷത്തിൻറെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയക്ക് സ്വീകരണം നല്‍കാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും വി.എച്ച്.പി നേതൃത്വം അറിയിച്ചു.
വി.എച്ച്.പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വേണ്ടി വന്നാല്‍ മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നും ദേവസ്വം ബോര്‍ഡിൻറെ നടപടി ദുരൂഹമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഹിന്ദു ഐക്യവേദിയും കഴിഞ്ഞ ദിവസം മന്‍സിയയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ടതിനു പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കാട്ടി ക്ഷേത്രോത്സവകമ്മിറ്റിയും മന്‍സിയയ്ക്ക് എതിരെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്‍സിയ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ നിന്നു ഒഴിവാക്കിയ വിവരം വ്യക്തമാക്കിയത്. ഏപ്രില്‍ 21 വൈകീട്ട് നാലു മുതല്‍ അഞ്ചു വരെ ചാര്‍ട്ട് ചെയ്ത പരിപാടി നടത്താന്‍ സാധിക്കില്ലെന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ തന്നെ വിളിച്ചുവെന്നും അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലന്നാണ് വ്യക്തമാക്കിയതെന്നും മന്‍സിയ പറഞ്ഞിരുന്നു.
നല്ല നര്‍ത്തകിയാണോ എന്നല്ല, മതത്തിൻറെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളുമെന്നാണ് മന്‍സിയ ചൂണ്ടിക്കാട്ടിയത്. ഇത് പുതിയ അനുഭവം ഒന്നുമല്ലെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് കൈവന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സലായിപ്പോയെന്നും മന്‍സിയ വ്യക്തമാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നിരുന്നുവെന്നും മന്‍സിയ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുമതവുമില്ലാത്ത താന്‍ എവിടേക്കു മാറാനെന്നും മന്‍സിയ ചോദിക്കുന്നു.
ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണെന്നും ഇതൊന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്നും മന്‍സിയ പറഞ്ഞു. ഇക്കാര്യ ഇപ്പോള്‍ പറഞ്ഞത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോകുന്നതെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടിയാണെന്നും മന്‍സിയ കുറിച്ചിരുന്നു.