മുദ്ര വായ്പ 22 ലക്ഷം കോടി കവിഞ്ഞു

Share

മുംബൈ: പ്രധാനമന്ത്രി മുദ്ര യോജനയില്‍ എട്ടുവര്‍ഷംകൊണ്ട് 41.01 കോടി വായ്പകളിലായി 22.81 ലക്ഷം കോടിരൂപ കൈമാറിയതായി കേന്ദ്ര ധനമന്ത്രാലയംവ്യക്തമാക്കി. ചെറുവ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി തുടങ്ങിയ മുദ്ര യോജന
2015 ഏപ്രിലാണ് തുടങ്ങിയത്. പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളതില്‍ 68 ശതമാനം അക്കൗണ്ടുകളും വനിതാ സംരംഭകരുടെ പേരിലുള്ളതാണ്. 51 ശതമാനം അക്കൗണ്ടുകള്‍ പട്ടിക ജാതി പട്ടികവര്‍ഗ, ഒ.ബി.സി. വിഭാഗത്തിലുള്ളവരുടേതാണ്. പുതിയവര്‍ക്ക് സംരംഭം വളര്‍ത്തിക്കൊണ്ടുവരാന്‍ ഈടില്ലാതെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. കോര്‍പ്പറേറ്റിതര, കാര്‍ഷികേതര ചെറുകിട സംരംഭകര്‍ ക്ക് 10 ലക്ഷം രൂപവരെയുള്ള അടിയന്തരവായ്പകളാണ് പദ്ധതിപ്രകാരം നല്‍കുന്നത്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുമാണ് വായ്പകള്‍ ലഭ്യമാക്കുന്നത്.
കഴിഞ്ഞസാമ്പത്തികവര്‍ഷം ആകെ 6.08 കോടി വായ്പകളാണ് നല്‍കിയത്. 4.48 ലക്ഷം കോടി രൂപ
യുടെ വായ്പ അനുവദിച്ചു. ഇതില്‍ 4.42 ലക്ഷം കോടി രൂപ കൈമാറി. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു പദ്ധതികളാണ് മുദ്ര യോജനയ്ക്കുകീഴിലുള്ളത്. 50,000 രൂപവരെ വരുന്ന വായ്പകളാണ് ശിശുപദ്ധതിയില്‍ വരുന്നത്. കിഷോര്‍ പദ്ധതിയില്‍ 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെയും തരുണ്‍ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയുമുള്ള വായ്പകളാണ് . മുദ്രവായ്പകളില്‍ 3.17 ശതമാനമാണ് കിട്ടാ കടം.