മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ ‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ

Share

* ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ‘ഫീഡ് സപ്ലൈകോ’ ആപ്പ്
സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള ‘ട്രാക്ക് സപ്ലൈകോ’ മൊബൈൽ ആപ്പും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈൽ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുറത്തിറക്കി. സപ്ലൈകോയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 5,000 രൂപയ്ക്കു മുകളിൽ സാധനം വാങ്ങിയവരിൽനിന്നു നറുക്കിട്ട് ഒരു പുരുഷനും ഒരു വനിതയ്ക്കും 5,000  രൂപയുടെ സമ്മാനം നൽകുന്നതാണ് പദ്ധതി. പുരുഷ വിഭാഗത്തിൽ ഇടുക്കി ജില്ലയിലെ നേര്യമംഗലം മാവേലി സ്റ്റോറിൽ നിന്നു സാധനങ്ങൾ വാങ്ങിയ അഹ്ദുൾ റഹിമാൻ (രജിസ്‌ട്രേഷൻ നമ്പർ-441), വനിതാ വിഭാഗത്തിൽ ആലപ്പുഴ ജില്ലയിലെ കളർകോട് ലാഭം മാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിയ ഡോലമ്മ യേശുദാസ് (രജിസ്‌ട്രേഷൻ നമ്പർ-497) എന്നിവർ സമ്മാനാർഹരായി. സമ്മാനത്തുക വിജയികളുടെ അക്കൗണ്ടിലേക്കു കൈമാറും.
സപ്ലൈകോ എം.ഡി സഞ്ജീവ് കുമാർ പട്‌ജോഷി, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.