മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ പ്രതിഭയെയാണ് വി.എം. കുട്ടിയുടെ നിര്യാണത്തോടെ കലാ കേരളത്തിനു നഷ്ടമായതെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അഹ്ദുറഹിമാന്‍. അനശ്വര ഗായകന്റെ കുടുംബാംഗങ്ങളെ മന്ത്രി നേരിട്ടു സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പ്രതിഭയുടെ കയ്യൊപ്പു ചാര്‍ത്തിയ പാട്ടുകളിലൂടെ വി.എം. കുട്ടി അനശ്വരനാകും. മാപ്പിള ചരിത്രം ജനങ്ങളിലേക്കെത്തിക്കാന്‍ സംഗീതത്തെ മാധ്യമമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. കലാരംഗത്ത് ഇടപെട്ട മേഖലകളിലെല്ലാം പൂര്‍ണ്ണത കൈവരിക്കാന്‍ ജനപ്രിയ സംഗീതജ്ഞനായി. വി.എം. കുട്ടിയുടെ വിയോഗം മാപ്പിള സംഗീത രംഗത്തിനും കലാ കേരളത്തിനും തീരാ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
പുളിക്കല്‍ പെരിയമ്പലത്തെ വി.എം. കുട്ടിയുടെ മകന്‍ റഹ്മത്തുള്ളയുടെ വീട്ടിലാണ് മന്ത്രി എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു. മാപ്പിള സാഹിത്യ രംഗത്തെ ജനപ്രിയ ഗായകന്റെ സംഭാവനകളും ഇടപെടലുകളും ഗള്‍ഫ് മലയാളികള്‍ക്കിടയിലെ സ്വാധീനവും മന്ത്രി അനുസ്മരിച്ചു. വി.എം. കുട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മക്കളായ അഷ്റഫ്, മുബാറക്ക്, റഹ്മത്തുള്ള, ബുഷ്റ, ഷഹര്‍ബാനു, കുഞ്ഞിമോള്‍, സഹോദരന്‍ ഹമീദ് മാസ്റ്റര്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അനശ്വര ഗായകന്റെ വിയോഗത്തിനുള്ള അനുശോചനം മന്ത്രി കുടുംബത്തെ അറിയിച്ചു.