എ.കെ.ജി, സി.എച്ച് മേല്‍പ്പാലങ്ങള്‍: വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍

Share

എ.കെ.ജി,സി.എച്ച് മേല്‍പ്പാലങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി. 
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കെ.എച്ച്.ആര്‍.ഐ, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം നേരിട്ടെത്തി ഇരു പാലങ്ങളും സന്ദര്‍ശിച്ച് വിശദപഠനം നടത്തിവരികയാണ്. പഠന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പാലങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും.

സി.എച്ച് ഓവര്‍ ബ്രിഡ്ജിന്റെ അടിഭാഗത്ത് കോര്‍പ്പറേഷന്റെ അധീനതയിലുള്ള കടകളും കെട്ടിടങ്ങളും ഉള്ളതിനാല്‍ സമയാസമയങ്ങളില്‍ പാലം പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്നും പുനരുദ്ധാരണം നടത്തണമെങ്കില്‍ ഇവ നീക്കം ചെയ്യണമെന്നും സൂപ്രണ്ടിങ് എന്‍ജീനിയര്‍ യോഗത്തില്‍ അറിയിച്ചു.

ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പാലങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് യോഗം വിലയിരുത്തുകയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പാലങ്ങളുടെ ചിത്രം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. 

പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍, കെ.എച്ച്.ആര്‍.ഐ ജോയിന്റ് ഡയറക്ടര്‍ ജോസഫ്, കെ.എച്ച്.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ സോണി ജെ.എസ്.ഡി, ബ്രിഡ്ജ് കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബൈജു പി.ബി, അസിസ്റ്റന്റ് എന്‍ജിനീയര്‍ അമല്‍ജിത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.