പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ- ഓഫീസിലേക്ക്

Share

*വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബർ അവസാനത്തോടെ പൂർണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി. മിഷൻ ടീം യോഗം തീരുമാനിച്ചു. സർക്കിൾ ഓഫീസുകളിലേയും ഡിവിഷൻ ഓഫീസുകളിലേയും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കു നീങ്ങി. സബ് ഡിവിഷൻ ഓഫീസുകളും സെക്ഷൻ ഓഫീസുകളും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതെന്നു മന്ത്രി പറഞ്ഞു. പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്തുവാനും കഴിയും. വകുപ്പിനെ പേപ്പർ രഹിതമാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
ഈ സംവിധാനം നിലവിൽ വരുന്നതോടെ സെക്ഷൻ ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഇ-ഓഫീസിന് കീഴിലാകും. ചീഫ് എൻജിനിയർ ഓഫീസ് മുതൽ സെക്ഷൻ ഓഫീസ് വരെ ഒരു സോഫ്റ്റ്‌വെയറാണ് നിലവിൽ വരിക. അടിയന്തര ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. ഫയലുകൾ തപാലിൽ അയയ്ക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയൽ നീക്കത്തിന് സാധാരണയായി ദിവസങ്ങൾ എടുക്കും. ഇ- ഫയൽ സംവിധാനത്തിൽ ഇത് പൂർണമായും ഒഴിവാക്കാം.
ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെയെങ്കിലും തടസം നേരിട്ടാൽ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ-ഓഫീസ് സംവിധാനം നിലവിൽ വരുമ്പോൾ ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്.