പെന്‍ഷന്‍പ്രായം കുറുക്കു വഴിയിലൂടെ 60 ആക്കാന്‍ നീക്കം

Share

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരെ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കേരളമടക്കമുള്ള
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തുന്നു. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന വലിയൊരു ജനവിഭാഗത്തിന്‌റെ പ്രീതി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. പെന്‍ഷന്‍ പദ്ധതി പഴയപടിയാക്കുമ്പോള്‍ അതിന്‌റെ മറവില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി നിലനിര്‍ത്താമെന്നതാണ് സര്‍ക്കാരിന്‌റെ ഉള്ളിലിരുപ്പ്. അതുവഴി നാലുവര്‍ഷക്കാലത്തേയ്ക്ക് ജീവനക്കാര്‍ക്ക് നല്‍കേണ്ട റിട്ടയര്‍മെന്‌റ് ആനുകൂല്യത്തിന്‌റെ വകയില്‍ വന്‍തുക സര്‍ക്കാരിന് ലാഭിക്കാനാവും.
കേരളത്തിലുള്‍പ്പെടെ പഴയ സ്‌കീമിലുള്ളവര്‍ക്ക് അമ്പത്തിയാറും എന്‍.പി.എസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അറുപതുമാണ് പെന്‍ഷന്‍പ്രായം.
അതേസമയം പെന്‍ഷന്‍ സംവിധാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്‍.പി.എസില്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഒരു നയം രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുകള്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കുകയും എന്‍.പി.എസ് പ്രകാരം കുമിഞ്ഞുകൂടിയ കോര്‍പ്പസ് തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2004 ജനുവരി ഒന്നിന് ശേഷം റിക്രൂട്ട് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം ശമ്പളത്തിന്‌റെ 50 ശതമാനമാണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. എന്‍.പി.എസ് പ്രകാരം അങ്ങിനെയല്ല.