പൃഥ്വിരാജിൻറെ ഫ്ലാറ്റിൽ മയക്കുമരുന്ന് വ്യാപാരി

Share

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരൻറെ  ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നു കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാള്‍, പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ്, ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടി(33)യുടെ പക്കല്‍ നിന്നുമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, എക്സൈസ് സംഘം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

തേവര മാളിയേക്കല്‍ റോഡിലുള്ള, അസറ്റ് കാസാ ഗ്രാന്‍ഡെ ആഡംബര ഫ്ളാറ്റില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്. നാലാം നിലയിലെ 4എ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി, നുജൂം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം പൃഥ്വിരാജുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും, പ്രതിയെ അറിയില്ലെന്നും അറിയിച്ചു.

പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരൻറെ  വിവാഹത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തിൻറെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്.

പുനലൂര്‍ നഗരത്തില്‍, വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങള്‍ പ്രതിയുടെ കുടുംബത്തിനുണ്ട്. വര്‍ഷങ്ങളായി, വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവര്‍. സിനിമാ മേഖലയില്‍ വലിയ ബന്ധമുണ്ട്.

ഒരു വീട്ടിൽ റെയ്‌ഡ്‌ നടത്തി മയക്കുമരുന്ന് പിടിച്ചാൽ യഥാർത്ഥ ഉടമയെയും പ്രതിയാക്കാറുണ്ട്. തുടർന്ന് വീട്ടുടമയെ ഒഴിവാക്കുന്നത് അയാളുടെ മൊഴിയുടെയും തെളിവിൻറെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഇവിടെ വീട്ടുടമയായ നടനെ എക്സൈസ് മധ്യമേഖലാ ഉന്നതൻറെ നിർദേശപ്രകാരം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ ഉന്നതൻ ഭരണകക്ഷിയുടെ അടുത്തയാളാണ്.