പുകവലി ഉപേക്ഷിക്കാം കോവിഡില്‍ നിന്നും രക്ഷനേടാം; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

Share

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡിsâ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിര്‍വചിച്ചിരിക്കുന്നത്. പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകമെമ്പാടും 8 ദശലക്ഷം ആള്‍ക്കാര്‍ പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നതായും ഇതില്‍ 12 ലക്ഷത്തോളം പേര്‍ നിഷ്‌ക്രിയ പുകവലി (Passive Smoking) മൂലമാണ് മരണപ്പെടുന്നതായും ഉള്ളത് ഗൗരവകരമായ സ്ഥിതി വിശേഷമാണ്. പുകയില അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കൊപ്പമുളള സാധാരണ ജനങ്ങളെയും മാരകരോഗത്തിലേക്കും മരണത്തിലേക്കും തളളിവിടുന്നു.

പുകയില ഉപയോഗം കാരണം ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളുള്ള കോവിഡ് ബാധിതരില്‍ മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുകയില ഉപയോഗം ഉപേക്ഷിക്കേണ്ടതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. കോവിഡ്ബാധ മൂലം വീടുകളില്‍ ക്വാറന്റൈനിലും ഐസോലേഷനിവും കഴിയുന്നവര്‍ പുകവലി നിര്‍ത്തേണ്ടത് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ വളരെയെറെ ആവശ്യമാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ വളരെയധികം ആസക്തി കൂട്ടുന്നതിന് കാരണമാകുന്നതു കൊണ്ടുതന്നെ ഇതില്‍ നിന്ന് മോചനം നേടുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്.

ഇത്തരത്തിലുള്ള പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാ പേര്‍ക്കും സഹായത്തിനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് ഒരു ക്വിറ്റ് ലൈന്‍ (QUIT LINE) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് 31 ന് ലോകപുകയില വിരുദ്ധ ദിനത്തില്‍ ക്വിറ്റ് ലൈന്‍ ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പു വരുത്തുന്നു. ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും ഈയൊരു പരിപാടിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടര്‍ച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വര്‍ഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതാണ്. ദേശീയ പുകയില നിയന്ത്രണ പദ്ധതി, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി, തിരുവനന്തപുരം ആര്‍സിസി, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.