പീഡനം: സ്‌കൂൾ ഓഫ് ഡ്രാമയിൽ സസ്‌പെൻഷൻ

Share

തൃശ്ശൂർ : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ ആയ ഡോ. സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവ്വകലാശാല വിസിയുടേത് ആണ് നടപടി.

നിലവിൽ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതേ തുടർന്നാണ് സുനിൽ കുമാറിനെതിരെ നടപടി സ്വീകരിച്ചത്. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തെങ്കിലും അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. വലിയ അമർഷമാണ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടാകുന്നത്.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. ഓറിയന്റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർത്ഥിനിയെ താത്കാലിക അദ്ധ്യാപകൻ ആയ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയ്‌ക്ക് പിന്തുണയുമായി എത്തിയ സുനിൽ കുമാർ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.