പശ്ചാത്തല സൗകര്യ വികസനം സമ്പദ് പ്രക്രിയയെ സജീവമാക്കും – ധനമന്ത്രി
സമ്പദ് പ്രക്രിയയെ സജീവമാക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വഴിയൊരുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന ബജറ്റിന് മുന്നോടിയായി കൊച്ചി നഗരസഭ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ സംഭാവന നൽകുന്ന നഗരം എന്ന നിലയിൽ കൊച്ചിയുടെ ആവശ്യങ്ങൾക്ക് മികച്ച പരിഗണനയാണ് സർക്കാർ നൽകി വരുന്നത്. കേവലം കേരളത്തിന്റെ മാത്രമല്ല, തെക്കേ ഇന്ത്യയുടെ തന്നെ വാണിജ്യമേഖലയിൽ സുപ്രധാന സ്ഥാനമാണ് കൊച്ചിയ്ക്കുള്ളത്. വിദൂര പൂർവ ദേശവുമായുള്ള വാണിജ്യപാതയിലും കൊച്ചി ഏറെ പ്രധാനമാണ്.
പാരിസ്ഥിതികമായ പ്രത്യേകതകളാണ് കൊച്ചിയെ ഈ നിലയിൽ വളർത്തിയത്. ചുരുങ്ങിയ ദശാബ്ദങ്ങളിൽ ഈ പ്രദേശത്തിനുണ്ടായ വ്യത്യാസം വളരെ വലുതാണ്. എന്നാൽ അതിവേഗത്തിലുള്ള നഗരവൽക്കരണത്തിനൊപ്പം റോഡുകൾ അടക്കം പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ വികസിക്കേണ്ടതുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള വികസനത്തിന് ഊന്നൽ നൽകണം. മലിനീകരണം ജീവിതം ദുസഹമാക്കിയതിന് തെളിവാണ് ദൽഹിയിലെ ഇന്നത്തെ അവസ്ഥ. കൊല്ലം മൺറോ തുരുത്തിൽ വെള്ളം കയറിയത് പോലുള്ള സാഹചര്യവും മുന്നിൽ കാണണം.
ചെറു കനാലുകളും തോടുകളും ധാരാളമുള്ള കൊച്ചിയിൽ ജലഗതാഗതത്തിന് മുൻഗണന നൽകണം. സുഗമമായ ജലമൊഴുക്കിന് വർഷം മുഴുവൻ ശ്രമം വേണം. കാശ്മീരിലെ ദാൽ തടാകവും ചെന്നൈയിലെ കൂവം നദിയും പുനരുദ്ധരിക്കുന്ന രീതി കൊച്ചിയിലും പിന്തുടരാൻ കഴിയും. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് നൽകിയതുമായി ബന്ധപ്പെട്ട് കൊച്ചിയുടെ പദ്ധതിത്തുകയിൽ വരുത്തിയ വെട്ടിക്കുറക്കൽ ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ തനത് ധനസമാഹരണത്തിൽ കോർപ്പറേഷൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. തനത് വരുമാനം വർധിപ്പിക്കാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാനാകില്ല.
കോവിഡിനെ തുടർന്ന് ജീവിത ശൈലിയിലും തൊഴിൽ രംഗത്തുമുണ്ടായിരിക്കുന്ന മാറ്റം കണക്കിലെടുക്കണം. നാട്ടിലും വീട്ടിലും തുടരവെ ആഗോള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന പ്രവണത വ്യാപകമാണ്. ഇതിന് അനുസൃതമായ പദ്ധതികളെ കുറിച്ച് കോർപ്പറേഷൻ ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചർച്ചയിൽ ഉന്നയിക്കപ്പെട്ട റോഡ് വികസനം, കനാൽ പുനരുദ്ധാരണം, മറൈൻ ഡ്രൈവ് വിപുലീകരണം, റെയിൽവേ മേൽപ്പാല നിർമാണം, വിശാല കൊച്ചി വികസന അതോറിറ്റി ശക്തിപ്പെടുത്തൽ, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് നവീകരണം തുടങ്ങിയ നിർദേശങ്ങൾ സജീവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മേയർ അഡ്വ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.ബാബു, ടി.ജെ. വിനോദ്, കൊച്ചി സ്മാർട്ട് മിഷൻ സി.ഇ. ഒ എസ് ഷാനവാസ്, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡപ്യൂട്ടി മേയർ കെ.എ അൻസിയ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രിയ പ്രശാന്ത്, സുനിത ഡിക്സൺ, വിവിധ സംഘടനകളുടെയും മേഖലകളുടെയും പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.