പമ്പ-സന്നിധാനം പരമ്പരാഗത പാത ഞായറാഴ്ച പുലര്‍ച്ചെ തുറക്കും പമ്പാ സ്നാനം അനുവദിച്ചു

Share

ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി നടത്തിയ തയാറെടുപ്പുകളും, മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
ത്രിവേണി മുതല്‍ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റര്‍ സ്ഥലത്തുമാണ് സ്നാനം അനുവദിക്കുക. തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്നാനം അനുവദിക്കുകയുള്ളു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ട്. 
പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കും. പുലര്‍ച്ചെ രണ്ടു  മുതല്‍ രാത്രി എട്ടു വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുക. തീര്‍ഥാടകര്‍ക്ക് നീലിമല വഴിയും, സ്വാമി അയ്യപ്പന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. തീര്‍ഥാടകരുടെ ആവശ്യാനുസരണം തീര്‍ഥാടന പാത തെരഞ്ഞെടുക്കാവുന്നതാണ്. പരമ്പരാഗത പാതയില്‍ മരാമത്ത്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള  വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്ലറ്റ് യൂണിറ്റുകളും തയാറായി. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രച്ചര്‍ യൂണിറ്റുകളും സജ്ജമായി.
തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ശനിയാഴ്ച (11)  രാത്രി മുതല്‍ താമസിക്കുന്നതിന്  അനുമതി നല്‍കിയിട്ടുണ്ട്.  500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു. പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം. മുറികള്‍ ആവശ്യമുള്ളവര്‍ക്ക് സന്നിധാനത്ത് എത്തി ബുക്ക് ചെയ്യാം. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള അനുമതി നിലവില്‍ ഇല്ലെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണ കേന്ദ്രത്തിന്റെ നടപടി. ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, അഡീഷണല്‍ എസ്പി എന്‍. രാജന്‍, 
വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.