പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണം ആരംഭിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share

കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രിൽ 1 ന് ആരംഭിക്കുമെന്നും ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ വർദ്ധിച്ച ജനകീയ പങ്കാളിത്തത്തോടെ  വികേന്ദ്രീകൃത വികസന ആസൂത്രണ നിർവ്വഹണ പ്രക്രിയകൾ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ വികസന മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയും ആവശ്യങ്ങളും ഇതിനായി വിലയിരുത്തേണ്ടതുണ്ട്. തുടർന്നാണ് പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യേണ്ടത്. 1996 ൽ ജനകീയാസൂത്രണം ആരംഭിച്ചതു മുതൽ ഓരോ തദ്ദേശഭരണസ്ഥാപനവും കടന്നുപോയ വികസന വഴികൾ വിശദമായ വിലയിരുത്തലുകൾക്ക്  വിധേയമാക്കണം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വികസന ക്ഷേമ പരിപാടികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണത്തിനായി തദ്ദേശ ഭരണസ്ഥാപന തലത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ജനാധിപത്യ വേദികൾ എല്ലാം പുനഃസംഘടിപ്പിച്ച് പ്രവർത്തനം ഒന്നുകൂടി ഊർജ്ജസ്വലമാക്കണം. ഇപ്പോഴുള്ള വർക്കിംഗ് ഗ്രൂപ്പുകൾ, ആസൂത്രണ സമിതികൾ എന്നിവ മെച്ചപ്പെട്ട രീതിയിൽ പുനസംഘടിപ്പിച്ചിട്ടുണ്ട്. ഈ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. ഈ പ്രവർത്തനങ്ങളിലെല്ലാം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം തദ്ദേശ ഭരണസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ, ന്യൂനതകൾ എന്നിവ വിലയിരുത്തി ക്രോഡീകരിക്കുന്നത് ഒരു അക്കാദമിക് പ്രവർത്തനമായി മാത്രം ചുരുങ്ങാതെ ജനകീയ പ്രവർത്തനമായി വികസിപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചുവർഷത്തേക്ക്  വികസന  സേവന  പശ്ചാത്തല  മേഖലകളിൽ പിന്തുടരേണ്ട വികസന കാഴ്ചപ്പാട് രൂപവൽക്കരിക്കണം. ഓരോ മേഖലയിലും വികസന കാഴ്ചപ്പാടും അതു നേടിയെടുക്കുന്നതിനുള്ള വികസന തന്ത്രവും രൂപപ്പെടുത്തേണ്ടതുണ്ട്. ഈ നടപടികളൊക്കെ തികഞ്ഞ ശ്രദ്ധയോടെ നിർവഹിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനതലത്തിൽ വികസന മേഖലയിലെ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കുന്നതിനും വികസനരേഖ തയ്യാറാക്കുന്നതിനുമുള്ള പരിശീലനം ജനപ്രതിനിധികൾക്കും തദ്ദേശഭരണ നേതൃത്വത്തിനും നിർവഹണ ഉദ്യോഗസ്ഥർക്കും നൽകിക്കൊണ്ടിരിക്കുകയാണ്.
കോവിഡാനന്തര കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനുള്ള ഭാവനാപൂർണ്ണമായ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാണ് തദ്ദേശഭരണസ്ഥാപനങ്ങൾ പ്രാമുഖ്യം കൊടുക്കേണ്ടത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും സവിശേഷ ശ്രദ്ധ നൽകണമെന്ന് മന്ത്രി പറഞ്ഞു.