ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Share
ദുരന്തബാധിത മേഖലകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

കോട്ടയം: ഉരുൾപൊട്ടലിൽ വീടും സ്ഥലവും വാസയോഗ്യമല്ലാത്ത വിധം നശിച്ചവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂട്ടിക്കലിലെ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.  

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കും. നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് വേഗത്തിലാക്കും. കാലാവസ്ഥ സംബന്ധിച്ച ആശങ്കകൾ തീരുന്നതുവരെ എല്ലാവരും ക്യാമ്പുകളിൽ തന്നെ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

കൂട്ടിക്കൽ ചപ്പാത്ത്, ഇളംകാട്, ഇളംകാട് ടോപ്പ്, മുക്കുളംതാഴെ, ഏന്തയാർ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. കൂട്ടിക്കൽ സെന്റ് ജോർജ് സ്‌കൂൾ, കൊടുങ്ങ ആർ.ശങ്കർ മെമ്മോറിയൽ സ്‌കൂൾ, ഏന്തയാർ ജെ.ജെ. മർഫി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. സൗകര്യങ്ങൾ വിലയിരുത്തി.