ത്രിദിന സന്ദർശനത്തിന് ജമ്മു കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പുൽവാമയിലെ രക്തസാക്ഷിമണ്ഡപം സന്ദർശിച്ചു.
രക്തസാക്ഷിത്വം വഹിച്ച ധീരജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഇന്നലെ ഗന്ദർബാൽ ജില്ലയിലെ ഖീർ ഭവാനി ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനം നടത്തി.
ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും കേന്ദ്രഭരണ പ്രദേശത്തെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
രാജ്യത്തെ ഏറ്റവും വികസിതവും സമ്പന്നവുമായ നാടായി ജമ്മു കശ്മീരിനെ മാറ്റണമെന്ന് ശ്രീനഗറിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യവേ യുവാക്കളോട് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദത്തെ തുടച്ച് നീക്കാനും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
ജമ്മു കശ്മീരിൽ നടക്കുന്ന വികസന പ്രക്രീയയെയും സമാധാനത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ് കശ്മീരിന് നൽകിയിട്ടുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
ബെമിനയിൽ 115 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 500 കിടക്കകളുള്ള ആശുപത്രിയുടെ ഉദ്ഘാടനവും കേന്ദ്ര ആഭ്യന്തരമന്ത്രി നിർവ്വഹിച്ചു.
ഹന്ദ്വാര മെഡിക്കൽ കോളേജിനും 4000 കോടി രൂപയുടെ മറ്റ് റോഡ് പദ്ധതികൾക്കും ആഭ്യന്തരമന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ചു.
ശ്രീനഗറിൽ വിവിധ വികസന പദ്ധതികൾക്കും അമിത് ഷാ തുടക്കം കുറിച്ചു.
അതിർത്തിയിലെ മഖ് വാൽ മേഖല സന്ദർശിച്ച അദ്ദേഹം, സൈനികരുമായി ആശയവിനിമയം നടത്തിയിരുന്നു.
ശ്രീനഗറിലെ ദാൽ തടാകത്തിലെ ശിക്കാര ഉത്സവം കേന്ദ്രമന്ത്രി സന്ദർശിച്ചു.
അനുഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്നത്.