തിരുവാഭരണത്തില്‍ മൂന്ന് ഗ്രാമിന്‍റെ കുറവ്; നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരുവാഭരണം കമ്മീഷണർ

Share

കോട്ടയം: തിരുവാഭരണം മാലയിൽ മൂന്ന് ഗ്രാമിന്‍റെ കുറവ് കണ്ടെത്തിയതായി തിരുവാഭരണം കമ്മീഷണർ അജിത് കുമാർ. സംഭവത്തിൽ വീഴ്ച വന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് വേണ്ടി റിപ്പോർട്ട് നൽകും. മാല ലഭിച്ചപ്പോൾ രജിസ്റ്ററിൽ വന്ന പിഴവാണോ എന്നുതും പരിശോധിക്കുന്നുണ്ട്. വിളക്കിച്ചേർക്കലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് മനസിലാക്കുന്നത്. സംഭവത്തിൽ നാളെ ദേവസ്വംബോർഡിന് റിപ്പോർട്ട് കൈമാറും.കഴിഞ്ഞ 14 നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ നിന്ന് സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായ വിവരം പുറത്തായത്. പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജരാണ് മാല വഴിപാടായി നൽകിയത്. വലിയ രുദ്രാക്ഷമണികളിൽ സ്വർണ്ണം കെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാല നഷ്ടപ്പെട്ടത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു റിപ്പോര്‍ട്ട് തേടിയിരുന്നു.