തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതിയിൽ വാതിൽപ്പടി സേവനമടക്കമുള്ള മുൻഗണനാ പദ്ധതികൾ ഉൾപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറ്റെടുക്കാനും നിലവിലുള്ള പദ്ധതികളുടെ വിഹിതം വർധിപ്പിക്കാനും മന്ത്രി നിർദേശിച്ചു.
ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും പൊതുശുചിമുറികളും നിർമ്മിക്കാനുള്ള പദ്ധതികൾ പുതുതായി ഏറ്റെടുക്കണമെന്നും നിലവിലുള്ള പദ്ധതികളുടെ വിഹിതം വർധിപ്പിച്ച് പരിപാലനമടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നൽകിയ വിഹിതം ഉൾപ്പെടുത്തി ഗ്രമപഞ്ചായത്തുകളുടെ ലൈഫ്് മിഷൻ പദ്ധതികൾ പരിഷ്‌കരിക്കണം. കൂടുതൽ തുക ആവശ്യമെങ്കിൽ വിഹിതം വർധിപ്പിക്കണം. ഏതെങ്കിലും കേന്ദ്ര-സംസ്ഥാന പദ്ധതിക്ക് വിഹിതം ലഭിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ ഭരണ സ്ഥാപന വിഹിതം കൂടി വകയിരുത്തി പുതുതായി പദ്ധതി ഏറ്റെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി നിരസിച്ചതും മാർഗരേഖയോ, സബ്സിഡി നിരക്കോ പാലിക്കാതെയുമുള്ള പദ്ധതികൾ ഉപേക്ഷിക്കണം. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പദ്ധതികൾക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെയോ മറ്റോ ഭരണാനുമതിയും ഫണ്ടും ലഭിച്ചിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കണം. അതുവഴി ലഭിക്കുന്ന തുക മറ്റ് പദ്ധതികൾക്കായി വിനിയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.
വാർഷിക പദ്ധതിയുടെ ഭേദഗതികൾ തദ്ദേശ സ്ഥാപനങ്ങൾ ഒറ്റത്തവണയായി സമർപ്പിച്ച് അംഗീകാരം വാങ്ങാൻ ശ്രദ്ധിക്കണമെന്നും അനിവാര്യമായ ഭേദഗതികൾക്ക് മാത്രമേ ജില്ലാ ആസൂത്രണ സമിതികൾ അംഗീകാരം നൽകാൻ പാടുള്ളുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഭേദഗതികൾ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 30നകം ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.