തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തലം മുതലുള്ള ഉദ്യോഗസ്ഥർക്കാണ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കൊട്ടാരക്കര സി എച്ച് ആർ ഡിയിൽ ശിൽപ്പശാല നടത്തുക. എല്ലാ വകുപ്പ് തലവൻമാരും ഡെപ്യൂട്ടി ഡയറക്ടർ തലം മുതലുള്ള സീനിയർ ഉദ്യോഗസ്ഥരും ശിൽപ്പശാലയിൽ പങ്കെടുക്കണമെന്ന് മന്ത്രി അറിയിച്ചു.
പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് 29ന് മുൻപ് ലഭ്യമാക്കണം. യോഗത്തിൽ പങ്കെടുക്കുവാൻ കഴിയാത്ത ഉദ്യോഗസ്ഥർക്ക് പകരം ആളെ ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷൻമാർ നിർദ്ദേശിക്കണമെന്ന് മന്ത്രി അറിയിച്ചു.