ജമ്മുകാശ്മീരിലെ ബാരമുള്ളയിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ അനീഷ് ജോസഫിൻറെ ഭൗതികശരീരം രാവിലെ 11- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും.
തുടർന്ന് രണ്ടുമണിയോടെ ജവാന്റെ ജന്മസ്ഥലമായ ഇടുക്കി കൊച്ചുകാമാക്ഷിയിലെ വീട്ടിലെത്തിക്കും.തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കൊച്ച് കാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ജവാന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കും
തിങ്കളാഴ്ച്ച രാത്രി 2 മണിയോടെ ജമ്മു കാശ്മീരിലെ ബാരമുള്ളയിലെ ജോലി സ്ഥലത്തേ ടെന്റിന് തീ പടർന്നതോടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ബി എസ്.എഫ്.ജവാൻ അനീഷ് ജോസഫ് മരണപ്പെട്ടത്. ഡിസംബർ 31 – ന് സൈന്യത്തിൽ നിന്നും വിരമിക്കാനിരിക്കെയാണ് തിങ്കളാഴ്ച്ച രാത്രി ജവാന് ദാരുണാന്ത്യം സംഭവിച്ചത്.
സംഭവം അറിഞ്ഞതു മുതൽ ഇടുക്കി കൊച്ചു കാമാക്ഷി വടുതലകുന്നേൽ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ളവർ എത്തി കൊണിരിക്കുകയാണ്. ജവാന്റെ ഭാര്യ സീന ഗുജറാത്തിൽ സി.ആർ.പി.എഫിൽ ജോലി ചെയ്തുവരികയാണ്. മക്കളായ എലന മരിയ , അലോണ മരിയ എന്നിവരും ഗുജറാത്തിലാണ്.