ചാണകം വാരി തേക്കരുത്; അത് കോവിഡിനുള്ള മരുന്നല്ല: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

Share

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായും പ്രതിരോധശേഷി കൂട്ടുമെന്ന നിലയിലും ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ ചികിത്സാ രീതികൾ ജനങ്ങൾ പരീക്ഷിക്കുന്നത്.

ജനപ്രതിനിധികളടക്കം ഇത്തരം അടിസ്ഥാന രഹിതമായ ചികിത്സാ രീതിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഉത്തർപ്രദേശിലെ ബേരിയല്ലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് കഴിഞ്ഞ ദിവസം ഗോമൂത്രം കുടിച്ചാൽ കോവിഡ് വരില്ലെന്ന പ്രസ്താവന നടത്തിയത്.

ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഇതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നും ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നു. വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ട് വന്നത്.

വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണൽ പ്രസിഡന്‍റ് ഡോക്ടര്‍ ജെ എ ജയലാല്‍ വ്യക്തമാക്കുന്നു. ഇത്തരം അശാസ്ത്രീയ രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി