കർണാടകയിലേക്ക് കെഎസ്ആർടിസി യാത്ര; നെഗറ്റീവ് / വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധം

Share

കെഎസ്ആർടിസി ബസുകളിൽ കർണാടകയിലേക്കു യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതതു സംസ്ഥാനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്. സ്ഥിരം യാത്രക്കാർ ഓരോ 15 ദിവസം കൂടുമ്പോഴും ചെയ്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

യാത്രക്കാർ ഇത്തരം രേഖകൾ കരുതിയിട്ടുണ്ടെന്ന് കണ്ടക്ടർ ഉറപ്പുവരുത്തണം നിലവിൽ ബെംഗളൂരുവിലേക്ക് മാത്രമേ ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നുള്ളൂ. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാവിലെ 7.30 നും രാത്രി 9.30 നുമാണ് സർവീസ്. ഡിപ്പോയിൽ നേരിട്ടെത്തിയോ ഓൺലൈൻ മുഖേനയോ ടിക്കറ്റ് ലഭിക്കും. യാത്രക്കാരുടെ സൗകര്യത്തിനും വർധനയ്ക്കും അനുസരിച്ച് കണ്ണൂർ – ബെംഗളൂരു സർവീസുകളുടെ എണ്ണം കൂട്ടും.

മാത്രമല്ല ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്നും ബെംഗളൂരു സർവീസ് തുടങ്ങുന്ന കാര്യം അധികൃതർ ആലോചിക്കും. ജില്ലയിൽ നിന്ന് മംഗളൂരുവിലേക്ക് എപ്പോൾ സർവീസ് തുടങ്ങണമെന്നു കെഎസ്ആർടിസി തീരുമാനിച്ചിട്ടില്ല. ലോക്ഡൗൺ പശ്ചാത്തലത്തിലാണു ജില്ലയിൽ നിന്നുള്ള അന്തർ സംസ്ഥാന സർവീസ് കെഎസ്ആർടിസി നിർത്തിവച്ചിരുന്നത്.