കോവിഡ് രണ്ടാം തരംഗം; തൊഴില്‍ സ്ഥാപനങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലേബര്‍ കമ്മീഷണര്‍

Share

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്‌കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ തൊഴിലുടമകളും തൊഴിലാളികളും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കുലറിലുള്ളത്.

സാധ്യമാകുന്ന തൊഴിലാളികള്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന് അവസരമൊരുക്കാന്‍ തൊഴിലുടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐ.ടി സ്ഥാപനങ്ങളിലും സ്റ്റാര്‍ട് അപ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമെരുക്കണം. 


സെയില്‍സ് പ്രൊമോഷന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണം. പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിന് ഫ്ളെക്സി ടൈം അനുവദിക്കണം. അര്‍ഹമായ എല്ലാ ലീവുകളും തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും ലേബര്‍കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വേതനത്തില്‍ കുറവ് വരുത്തരുത്.

ബുദ്ധിമുട്ടുള്ള ടാര്‍ജറ്റ് ഏര്‍പ്പെടുത്തുകയോ അത് പാലിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യാന്‍ പാടില്ല. രോഗവ്യാപനം മുന്‍നിര്‍ത്തി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും/ഇന്‍സ്റ്റിറ്റിയൂഷന്‍/കമ്പനികളും യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. 

ലേ-ഓഫ്, ലോക്ക്-ഔട്ട്, റിട്രെഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ ഈ കാലയളവില്‍ സ്വീകരിക്കാന്‍ പാടില്ല. കാഷ്വല്‍, ടെമ്പററി, കരാര്‍, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളവരെ പിരിച്ചുവിടാനോ അവരുടെ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല.

തര്‍ക്കം ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തൊഴിലുടമ, കോണ്‍ട്രാക്ടര്‍ എന്നിവര്‍ അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. തൊഴില്‍ തര്‍ക്കങ്ങള്‍, സമരം എന്നിവ ഒഴിവാക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. 

മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ സോപ്പ്, ഹാന്റ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കണം.


സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി 1961 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ ചട്ടം 6(4)ഡി പ്രകാരമുള്ള നോണ്‍ ആല്‍കഹോളിക് ക്ലീനിംഗ് വൈപ്സ്, ഡിസ്പോസിബള്‍ ലാറ്റക്സ് ഗ്ലൗസ്, മാസ്‌ക് എന്നിവ ജീവനക്കാര്‍ക്ക്് ലഭ്യമാക്കുന്നുണ്ടെന്ന് അതാത് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്), അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. കൂടാതെ ചട്ടം 4, 5 എന്നിവ പ്രകാരം ക്ലീന്‍ലിനെസ്സ്, വെന്റിലേഷന്‍ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിക്കണം.

കൈകഴുകല്‍ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്. തൊഴില്‍ വകുപ്പ് , ആരോഗ്യ വകുപ്പ്, ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, ഫാക്ടറീസ് ഡയറക്ടര്‍ എന്നിവരുടെ സുരക്ഷാ നിര്‍ദ്ദേശങ്ങളും അതാത് ജില്ലാ കളക്ടര്‍മാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. അതിഥി തൊഴിലാളികളുടെ താമസം, ഭക്ഷണം, ആരോഗ്യം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ)മാര്‍ ഉറപ്പുവരുത്തണം.

തൊഴിലാളികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിക്കുന്നതിനും എല്ലാ തൊഴിലാളികളും ശ്രദ്ധചെലുത്തണം. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കണം. www.cowin.gov.inസൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് എത്രയും വേഗം വാക്സിന്‍ സ്വീകരിക്കേണ്ടതാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. കോവിഡ്-19 പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ ഹോസ്പിറ്റല്‍/ആംബുലന്‍സ് സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ദിശ യുടെ 1056 നമ്പറില്‍ ബന്ധപ്പെടുക. ടി വിവരങ്ങള്‍ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 

പ്രാഥമിക മേഖല ഉള്‍പ്പെടുന്ന കൃഷി, പ്ലാന്റേഷന്‍, അനിമല്‍ ഹസ്ബന്ററി, ഡയറി, ഫിഷറീസ് തുടങ്ങിയവയിലും ദ്വിതീയ മേഖലയിലുള്‍പ്പെടുന്ന ഇന്‍ഡസ്ട്രീസ്, എംഎസ്എംഇ, നിര്‍മ്മാണ മേഖല തുടങ്ങിയവയിലും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. തൊഴിലുറപ്പ് ജോലികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തുടരണം. തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. 

തോട്ടം മേഖലയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ 

കോവിഡ്-19 തീവ്രസാമൂഹിക വ്യാപനം തടയുന്നതിന് മാസ്സ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ സാദ്ധ്യത തോട്ടം മാനേജ്മെന്റുകള്‍ പരിശോധിച്ച് നടപ്പിലാക്കണം. വാക്സിനേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് www.cowin.gov.in വെബ്സൈറ്റില്‍ തോട്ടം തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിനുളള സഹായം മാനേജ്മെന്റുകള്‍ നിര്‍വഹിക്കണം.അതിഥി തൊഴിലാളികളെ തോട്ടങ്ങളില്‍ തന്നെ നിലനിര്‍ത്തണം. വാക്സിനേഷന്‍ സ്വീകരിക്കേണ്ടതിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തണം. അതത് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ എല്ലാവരും വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണം.

ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ തോട്ടം വിട്ട് പുറത്തുപോകുന്നത് നിരുത്സാഹപ്പെടുത്തണം. മസ്റ്ററിംഗ്, ശമ്പളവിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടത്തുമ്പോള്‍ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണം. ഇതിനുള്ള ക്രമീകരണങ്ങള്‍ മാനേജ്മെന്റ് നടപ്പില്‍ വരുത്തുകയും സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.തോട്ടങ്ങളിലെ കന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെളളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുളള ലഭ്യത എസ്റ്റേറ്റ് മാനേജ്മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും, വായു സഞ്ചാരം ഉറപ്പുവരുത്തേണ്ടതുമാണ്.

വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തോട്ടങ്ങളില്‍ വരുന്നതും തോട്ടം തൊഴിലാളികള്‍ ഇവരുമായി അടുത്തിടപെഴകുന്നതിനുളള സാഹചര്യം കര്‍ശനമായും ഒഴിവാക്കണം. തൊഴിലാളികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകള്‍ പിന്‍മാറണം.തോട്ടങ്ങളിലെ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.കോവിഡ് 19-മായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് മാനേജ്മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ എഴുതി തയ്യാറാക്കി തോട്ടങ്ങളില്‍ ശ്രദ്ധേയമായ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഉച്ചഭാഷിണി ഉപയോഗിച്ച് കൊവിഡ് സംബന്ധിച്ച പ്രചാരണം നടത്തണം.തോട്ടം തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മറ്റുളളവര്‍ ഉപയോഗിക്കുന്ന സാധനങ്ങളും, സ്ഥലങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പും സോപ്പ് ഉപയോഗിച്ച് കൈകളും, നഖങ്ങളും ശുചിയാക്കേണ്ടതും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമാണ്.

വ്യക്തി ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ചും, കോവിഡ് 19 നെക്കുറിച്ചും വേണ്ട അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്മെന്റ് ശ്രമിക്കേണ്ടതാണ്.രോഗലക്ഷണമുളളവര്‍ അവരവരുടെ വാസസ്ഥലങ്ങളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിക്കണം.അവര്‍ ഉടനടി വൈദ്യസഹായം തേടേണ്ടതുമാണ്.പനി ബാധിതരായ തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലും ആരോഗ്യവകുപ്പിലും ഉടനടി അറിയിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കുകയും വേണം.

അതിഥി തൊളിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി

എല്ലാ ജില്ലകളിലും അതിഥി തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമൂകളും അതിനോട് ചേര്‍ന്ന് അതിഥിതൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ മറുപടി നല്‍കുന്നതിനായി ദ്വിഭാഷികളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പരുകളായ 155214, 180042555214 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.