കോണ്‍ഗ്രസ് അറ്റകൈയ്ക്ക്,
രാഹുല്‍ ജയിലിലേക്കോ?

Share

കൊച്ചി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിയെ ബലിയാടാക്കുകയാണോ? കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന അതിബുദ്ധി വച്ചു നോക്കുമ്പോള്‍ അദ്ദേഹം ജയിലിലടക്കപ്പെട്ടാലും അതിശയിക്കാനില്ല.
മോദി സമുദായത്തിനെതിരായ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ച ഇപ്പോള്‍ ഇതുവഴിക്കാണ് . വരുന്ന തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പു തേടി നടന്ന കോണ്‍ഗ്രസ്, രാഹുലിനെ ബലിയാടാക്കി പ്രകടനം മെച്ചപ്പെടുത്താനും പതിപക്ഷ ഐക്യം സാധ്യമാക്കാനുമുള്ള അടവാണ് പയറ്റുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ സംബന്ധിച്ചിടത്തോളം പദവി ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്ന് വരുത്തിത്തീര്‍ത്ത് ജനാഭിപ്രായം അനുകൂലമാക്കാമെന്ന് ഖാര്‍ഗെ കരുതുന്നു. ഇത്തരമൊരു കരുനീക്കമാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുന്നില്‍ നിറുത്തി ഖാര്‍ഗെ കളിക്കുന്നത്. അല്ലെങ്കില്‍ നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരു കേസില്‍ മജിസ്‌ട്രേറ്റു കോടതിയിലും സെഷന്‍സ് കോടതിയിലും രാഹുലിന് തുടരെ തിരിച്ചടി ഉണ്ടായതെങ്ങിനെയാണ്? കോടതികളില്‍ കോണ്‍ഗ്രസ് പ്രസക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരിടത്തു നടന്നസംഭവത്തില്‍ സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസു കൊടുത്തതു തന്നെയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന നിയമപ്രശ്‌നം. സെഷന്‍സ് കോടതി ജഡ്ജി പണ്ട് അമിത്ഷായുടെ അഭിഭാഷകനായിരുന്നെന്ന വിമര്‍ശനം ഇപ്പോള്‍ ഉയര്‍ത്തുന്ന കോണ്‍ഗ്രസ് കേസിന്‌റെ തുടക്കത്തില്‍ അതുന്നയിക്കുകയോ കേസ് മറ്റൊരു ജഡ്ജി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. കേസ് വിജയിക്കുകയല്ല, തോല്‍ക്കുകയാണ് കോണ്‍ഗ്രസിന്‌റെ ലക്ഷ്യമെന്ന സൂചനകളാണ് ഇതുയര്‍ത്തുന്നത്. കേസ് തോറ്റു കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന നിരീക്ഷണം തന്നെയാണ് ഗുജറാത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിലും കാണുന്നത്. ഇതുവഴി രാഹുലിന് രക്തസാക്ഷി പരിവേഷം നല്‍കാനും ഗുജറാത്തിലെ കോടതികള്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് സംവിധാനങ്ങളാണെന്ന് വ്യാഖാനിക്കാനും കോണ്‍ഗ്രസിനു കഴിയുന്നു.
ഇതിനേക്കാളുപരി, മജിസ്‌ട്രേറ്റു കോടതിയില്‍ കേസു വന്നപ്പോള്‍ തന്നെ മോദി സമുദായത്തിന് എന്തെങ്കിലും അഭിമാനക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നെന്ന് അറിയിച്ച് തടിയൂരാവുന്ന കേസേ ഉണ്ടായിരുന്നുള്ളൂ. മതേതരനായ രാഹുല്‍ അതിന് ശ്രമിച്ചില്ല. പകരം മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് വീമ്പിളക്കാനാണ് ഉപദേശകര്‍ പറഞ്ഞു കൊടുത്തത്.